ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും വീണ്ടും മത്സരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം. പ്രായത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ഇളവ് നല്‍കി വീണ്ടും മത്സരിപ്പിക്കാനാണ് മോദി ഉന്നമിടുന്നത്. ഈ ആവശ്യവുമായി മോദിയും അമിത് ഷായും അദ്വാനിയെ വീട്ടിലെത്തി കണ്ടതായി ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തു.
ലോക്‌സഭാംഗങ്ങളായിട്ടും മോദി അധികാരത്തിലെത്തിയതോടെ അദ്വാനിക്കും ജോഷിക്കും പ്രത്യേകിച്ച് ഒരു പദവിയും നല്‍കാതെ മാറ്റിനിര്‍ത്തി. ബിജെപിയുടെ ഏറ്റവും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് പോലും ഇവരെ ഒഴിവാക്കി. പകരം മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി മാര്‍ഗദര്‍ശക് മണ്ഡല്‍ രൂപവത്കരിച്ച് ഇവരെ അതില്‍ അംഗങ്ങളാക്കി. എന്നാല്‍ നാളിതുവരെ ഈ മാര്‍ഗദര്‍ശക് മണ്ഡല്‍ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല.
ചില കക്ഷികള്‍ എന്‍ഡിഎ വിട്ടുപോയതും ശിവസേനയും ജെഡിയുവും അസംതൃപ്തരാണെന്നതും പ്രതിപക്ഷ ചേരി ശക്തിപ്പെടുന്നതും തിരിച്ചറിഞ്ഞാണ് മോദി വിജയസാധ്യത മാത്രം കണക്കാക്കി ഇവരെ വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രായത്തിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചത്.
Content Highlights: Narendra Modi, Advani, Murali Manohar Joshi