പുതിയ പാർലമെൻറ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കുന്നു | ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയില്‍ പണിതീര്‍ത്ത, രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു. ഹോമത്തിനും പൂജയ്ക്കും ശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. തുടർന്ന് സര്‍വമത പ്രാര്‍ഥന നടന്നു. ഇതോടെ ആദ്യഘട്ട ചടങ്ങുകൾ പൂർത്തിയായി.
രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ചടങ്ങുകളുടെ ഭാഗമായ ഹോമം, പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുത്തു. തുടർന്നാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തിനുമുമ്പ് നടന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പാര്‍ലമെന്റിനകത്ത് ലോക്സഭാസ്പീക്കറുടെ ഇരിപ്പിടത്തിനുസമീപം സ്ഥാപിച്ചത്. ബ്രിട്ടീഷുകാരില്‍നിന്നുള്ള അധികാരക്കൈമാറ്റമായി പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് ചെങ്കോല്‍ സമര്‍പ്പിച്ചിരുന്നെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
പൂജാ ചടങ്ങുകളുടെയും മന്ത്രോച്ചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചെങ്കോൽ സ്ഥാപിക്കൽ ചടങ്ങ് നടന്നത്. തുടര്‍ന്ന് പ്രധാനമന്ത്രി നിലവിളക്ക് തെളിയിക്കുകയും ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. പാർലമെന്‍റ് കെട്ടിടത്തിന്‍റെ നിർമാണത്തിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്നാണ് സർവമത പ്രാർഥന നടന്നത്.

ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ആരംഭിക്കുക. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്‍.ഡി.എ. സഖ്യകക്ഷികളടക്കം 25 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കും. മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുള്‍പ്പെടെ പ്രധാനപ്പെട്ട 21 പ്രതിപക്ഷപാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ചടങ്ങിൽ പങ്കെടുക്കുന്നില്ല. ഇരുവരുടെയും സന്ദേശം ചടങ്ങിൽ വായിക്കും.
ഉച്ചയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ഇങ്ങനെ
12.00: പ്രധാനമന്ത്രി മന്ദിരത്തിലേക്ക് വരുന്നു. ദേശീയഗാനാലാപനം.
12.10: രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രസംഗം. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ സന്ദേശം വായിച്ചേക്കും
12.20: പാര്‍ലമെന്റിനെ സംബന്ധിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം
12.35: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പ്രസംഗം
1.00: 75 രൂപ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്യല്‍
1.10: പ്രധാനമന്ത്രിയുടെ പ്രസംഗം
2.00: സമാപനം
Content Highlights: PM Narendra Modi Unveils New Parliament building
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..