PM Narendra Modi | Photo - PTI, NarendraModi witter
ന്യൂഡല്‍ഹി: രാജ്യം 100 കോടി ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രം മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്‌സിന്‍ കുപ്പിയുടെ പുറത്ത് 'അഭിനന്ദനം ഇന്ത്യ' എന്ന് രേഖപ്പെടുത്തിയതാണ് പുതിയ ചിത്രം. രാജ്യത്ത് 100 കോഡി ഡോസ് കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കുത്തിവച്ചുവെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ''ഇന്ത്യ ചരിത്രം രചിച്ചിരിക്കുന്നു. ഇന്ത്യന്‍ ശാസ്ത്ര രംഗത്തിന്റെയും സംരംഭകരുടെയും 130 കോടി ഇന്ത്യക്കാരുടെയും വിജയമാണിത്'' - പ്രധാനമന്ത്രി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.
രാജ്യം 100 കോടി ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ ആയിരുന്നു ട്വീറ്റ്. കഴിഞ്ഞ ഏപ്രിലിലും പ്രധാനമന്ത്രി തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു. കോവിഡ് ലോക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടുന്നതായി പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വായും മൂക്കും തൂവാലകൊണ്ട് മറച്ച നിലയിലുള്ളതായിരുന്നു പുതിയ ചിത്രം.
2021 ജനുവരി 16-ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നല്‍കിക്കൊണ്ടാണ് ഇന്ത്യയില്‍ വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചത്. 3006 കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ 165714 പേരാണ് ആദ്യദിനം വാക്സിനെടുത്തത്. ഫെബ്രുവരി 2 മുതല്‍ മറ്റ് മുന്നണിപ്പോരാളികള്‍ക്കും കുത്തിവെപ്പ് നല്‍കി. തൊട്ടടുത്ത മാസം ഒന്നാം തീയതി മുതലായിരുന്നു മുതിര്‍ന്ന പൗരന്മാര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള അസുഖബാധിതര്‍ക്കും മുന്‍ഗണനാക്രമത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്. കഴിഞ്ഞ മെയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചു തുടങ്ങി.
കഴിഞ്ഞ 10 മാസം കൊണ്ടാണ് ഇന്ത്യ നൂറുകോടി ഡോസ് തികയ്ക്കുന്നത്. 85 ദിവസംകൊണ്ട് 10 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ കുത്തിവച്ചു. 45 ദിവസങ്ങള്‍കൂടി പിന്നിട്ടപ്പോള്‍ വാക്‌സിന്‍ കുത്തിവെ്പ്പ് എടുത്തവരുടെ എണ്ണം 20 കോടി കടന്നു. 29 ദിവസങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ 30 കോടി പിന്നിട്ടു. 24 ദിവസം കൊണ്ടാണ് വാക്‌സിന്‍ കുത്തിവെപ്പ് 30 കോടിയില്‍നിന്ന് 40 കോടിയിലെത്തിയത്. 50 കോടി കടക്കാന്‍ വീണ്ടും 20 ദിവസംകൂടി വേണ്ടിവന്നു. 76 ദിവസങ്ങള്‍കൂടി കഴിഞ്ഞാണ് 100 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കാന്‍ കഴിഞ്ഞത്. വാക്സിന്‍ നൂറുകോടി ക്ലബ്ബിലേക്ക് ഇന്ത്യയെത്തുന്നത് ചൈനയ്ക്ക് തൊട്ടുപിറകെയാണ്. മറ്റുള്ള രാജ്യങ്ങളിലെ ജനംസംഖ്യ നൂറു കോടിക്ക് മുകളില്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ മറ്റാരും ഇതിലേക്ക് കടന്നുവരികയുമില്ല.
വാക്സസിന്‍ സംഭരണം, വിതരണം തുടങ്ങി എല്ലാ മേഖലകളിലും രാജ്യം നേരിട്ട വെല്ലുവിളികള്‍ ചെറുതല്ല. ആരോഗ്യ സംവിധാനങ്ങളുടെ പരിമിതി നേരിടുന്ന രാജ്യത്തെ ഉള്‍ഗ്രാമങ്ങളില്‍ വരെ വാക്സിനേഷന്‍ കേന്ദ്രങ്ങളാരംഭിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മലനിരകളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചാണ് വാക്സിനെത്തിച്ചത്. ഒക്ടോബര്‍ 5-ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഐ ഡ്രോണ്‍ ക്യാമ്പയിന്‍ ലോഞ്ച് ചെയ്തു. മേക്ക് ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിച്ച ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും, കാരങ്ക് ദ്വീപിലേക്ക് ആദ്യമായി ഡ്രോണില്‍ വാക്സിനെത്തി. രാജ്യത്ത് നിലവില്‍ 74,583 വാക്സിന്‍ വിതരണ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 72,396 എണ്ണം സര്‍ക്കാര്‍ തലത്തിലും 2,187 എണ്ണം സ്വകാര്യ മേഖലയിലുമാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..