എക്സ്പ്രസ് വേയുടെ ആകാശദൃശ്യം
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുറന്ന് കൊടുക്കുന്ന ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയുടെ ചിത്രങ്ങള്‍ ആരേയും ആകര്‍ഷിക്കും. ലോകത്തിലെ ഏത് റോഡിനോടും കിടപിടിക്കുന്ന ഈ എക്‌സ്പ്രസ് വേയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഉത്തര്‍ പ്രദേശിലെ ഏഴ് ജില്ലകളില്‍ കൂടി കടന്നു പോകുന്ന ഈ റോഡ് തുറക്കുന്നതോടെ ഡല്‍ഹിക്കും ചിത്രകൂടിനും ഇടയിലുള്ള യാത്രാ സമയം 14 മണിക്കൂറില്‍ നിന്ന് 8 മണിക്കൂറായി കുറയും. ചിത്രകൂട്ടിലെ ഭരത്കു പ്പില്‍ നിന്ന് ആരംഭിക്കുന്ന പാത ഇറ്റാവയില്‍ വെച്ച് ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയില്‍ സന്ധിക്കും. ഇറ്റാവ, ഔറയ്യ, ജലൗന്‍, ഹമീര്‍പൂര്‍, മഹോബ, ബാന്ദ, ചിത്രകൂട് തുടങ്ങിയ ജില്ലകളിലൂടെയാണ് പാത കടന്നു പോകുന്നത്. ഈ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയെ ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് വേ, യമുന എക്സ്പ്രസ് വേ എന്നിവ വഴി ഡല്‍ഹി എന്‍സിആറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഈ പാത ഈ മേഖലയിലെ വന്‍ തോതിലുള്ള വികസനത്തിനും കാരണമാകും. ഉത്തര്‍പ്രദേശിലെ പ്രതിരോധ ഇടനാഴി പദ്ധതിയുടെ വിജയത്തിലും നിര്‍ണായകമാവും ഈ പാത എന്നാണ് കണക്കുകൂട്ടല്‍.





+6
അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയുടെ സ്മരണാര്‍ത്ഥം എക്സ്പ്രസ് വേയ്ക്ക് അടല്‍ പാത എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 14 വലിയ പാലങ്ങളും 268 ചെറു പാലങ്ങളും 18 ഫ്‌ളൈ ഓവറുകളും 6 ടോള്‍ പാസകളും, 7 റാമ്പ് പ്ലാസകളും 214 അണ്ടര്‍ പാസുകളും അടങ്ങുന്നതാണ് പാത.
296 കിലോമീറ്ററാണ് ഈ എക്‌സ്പ്രസ് വേയുടെ ദൂരം. നാലു വരിയില്‍ നിര്‍മിച്ച പാത ഭാവിയില്‍ ആറുവരിപ്പാതയായി വികസിപ്പിക്കാനും സാധിക്കും. 2017 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് പദ്ധതി ലോഞ്ച് ചെയ്തത്. 2020 ഫെബ്രുവരി 29 ന് പ്രധാനമന്ത്രി നരേന്ദ്രമേദി തറക്കല്ലിട്ടു. സ്ഥമേറ്റെടുക്കല്‍ അടക്കം 14,761 കോടിയുടേതാണ് പദ്ധതി. പാതയുടെ നിര്‍മാണ ചെലവ് 7,766 കോടിയാണ്. 36 മാസം കൊണ്ട് ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും കേവലം 28 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശ് എക്‌സ്പ്രസ് വേസ് ഇന്‍ഡസ്ട്രിയില്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. ആറ് പാക്കേജുകളിലായി ആപ്കോ ഇന്‍ഫ്രാടെക്, അശോക ബില്‍ഡ്കോണ്‍, ഗവാര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്, ദിലീപ് ബില്‍ഡ്കോണ്‍ എന്നി കമ്പനികളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Content Highlights: PM Narendra Modi, Bundelkhand Expressway,Uttar Pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..