ന്യൂഡല്‍ഹി: ഉത്സവ കാലത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ചവരുത്തരുതെന്ന് തൊഴുകൈകളോടെ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അഭ്യര്‍ഥന നടത്തിയത്.
'ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായി കഴിയുന്നതും കുടുംബങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നതും കാണാനാണ് ആഗ്രഹിക്കുന്നത്. ഉത്സവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്നത് കാണാനും ആഗ്രഹിക്കുന്നു - അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ അശ്രദ്ധയോടെ ഇറങ്ങി നടക്കുന്ന ഫോട്ടോകളും വീഡിയോകളും കാണാനിടയായി. അതൊന്നും ശരിയല്ല. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുമ്പോള്‍ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയാണ് അപകടത്തിലാകുന്നത്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവെങ്കിലും വീണ്ടും കുതിച്ചുയര്‍ന്നു.
നിലവില്‍ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് മികച്ച നിലയിലാണ്. മരണ നിരക്ക് കുറവാണ്. രാജ്യത്തെ പത്തുലക്ഷം പേരില്‍ 5,500 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിക്കുന്നത്. അമേരിക്കയും ബ്രസീലും പോലെയുള്ള രാജ്യങ്ങളില്‍ ഇത് 25,000ത്തോളമാണ്.
എന്നാല്‍, ഉത്സവകാലം വരുന്നതോടെ വിപണികള്‍ സജീവമാകുകയാണ്. ലോക്ക്ഡൗണ്‍ അവസാനിച്ചുവെങ്കിലും കോവിഡ് ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന കാര്യം മറക്കരുത്. ഏഴെട്ട് മാസത്തെ ജാഗ്രതയുടെ ഫലമായി ഇന്ത്യ ഇന്ന് ഭേദപ്പെട്ട നിലയിലാണ്. സ്ഥിതിഗതികള്‍ കൈവിട്ടുപോകാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. വാക്‌സിന്‍ ലഭ്യമായാലുടന്‍ അത് എല്ലാവര്‍ക്കും എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പ് സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
Content Highlights: PM Narendra Modi to address nation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..