പ്രധാനമന്ത്രി സഞ്ചരിച്ച സൂപ്പർ ഹെർക്കുലീസ് വിമാനം എക്സ്പ്രസ്വേയിൽ ഇറങ്ങിയപ്പോൾ | Photo - ANI
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം എക്സ്പ്രസ് വേയില്‍ സുരക്ഷിതമായി പറന്നിറങ്ങി. ഉത്തര്‍പ്രദേശിലെ പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ആയിരുന്നു ഇത്.

പ്രധാനമന്ത്രിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിച്ചു. ലക്നൗവിനെയും ഗാസിപുരിനെയും ബന്ധിപ്പിക്കുന്ന 341 കിലോമീറ്റര്‍മുള്ള പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 22500 കോടി രൂപ ചിലവിട്ടാണ് ആറുവരിയുള്ള എക്സ്പ്രസ് വേ നിര്‍മ്മിച്ചിരിക്കുന്നത്.
2018 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പാതയുടെ തറക്കല്ലിട്ടതും. പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേ കുറഞ്ഞ സമയത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തീകരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍ ഈ എക്സ്പ്രസ് വേയ്ക്ക് തറക്കല്ലിടുമ്പേള്‍ ഇവിടെ ഒരു വിമാനത്തില്‍ വന്നിറങ്ങാമെന്ന് താനൊരിക്കലും ചിന്തിച്ചിരുന്നില്ല. വെറും തരിശുനിലമായി കിടന്നിരുന്ന സ്ഥലമാണ് ഇപ്പോള്‍ ഒരു ആധുനിക അതിവേഗ പാതയായി മാറിയിരിക്കുന്നത്. ഇതാണ് യു.പിയിലെ ജനങ്ങളുടെ കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
"രാജ്യത്തിന്റെ വികസനം പോലെ തന്നെ പ്രധാനമാണ് സുരക്ഷയും. അടിയന്തര സാഹചര്യങ്ങളില്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ എങ്ങനെയാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്താകുന്നതെന്ന് നമുക്ക് കാണാം. നമ്മുടെ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഈ എക്സ്പ്രസ് വേയില്‍ വന്നിറങ്ങും"- പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സഞ്ചരിച്ച ഹെര്‍ക്കുലീസിന് പിന്നാലെ വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങളും എക്സ്പ്രസ് വേയില്‍ പറന്നിറങ്ങി. വ്യോമസേനയുടെ വിമാനങ്ങളുടെ അഭ്യസ പ്രകടനങ്ങളും അരങ്ങേറി.
Content Highlights: PM Narendra Modi's C-130J Super Hercules lands on Purvanchal Expressway
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..