പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം) | Photo: ANI
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവും അദ്ദേഹം പങ്കെടുത്ത പരിപാടികളും പ്രതീക്ഷിച്ചതിലും വലിയ വിജയമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. എറണാകുളത്തെ റോഡ് ഷോ, യുവ സംഗമം, ക്രൈസ്തവസഭാ നേതൃത്വവുമായുള്ള കൂടിക്കാഴ്ച എന്നിവയിൽ പ്രധാനമന്ത്രി പൂർണ്ണ സംതൃപ്തി പ്രകടിപ്പിച്ചെന്ന് ബി.ജെ.പി. വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ കേരളത്തിലേക്ക് വീണ്ടും സന്ദർശനത്തിനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തുടർപരിപാടികളുടെ സൂചനകൾ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അടുത്ത റോഡ് ഷോ തൃശ്ശൂരിൽ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി നഗരത്തിന്റെ വിശദാംശങ്ങൾ അടക്കം ബി.ജെ.പി. സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞെന്നാണ് റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയപ്രതീക്ഷവെക്കുന്ന പ്രധാനപ്പെട്ട മണ്ഡലമാണ് തൃശ്ശൂർ.
ത്രിപുര കഴിഞ്ഞപ്പോൾ അടുത്തത് കേരളം പിടിക്കുമെന്നായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ആവേശമുയർത്താൻ മോദി കേരളത്തിലെത്തിയിരുന്നു. പിന്നെയും ചെറിയ ഇടവേളയിൽ മോദി കേരളത്തിലെത്തുമ്പോൾ ലക്ഷ്യം ഒന്ന് മാത്രമാണ്, കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ഒന്നിലധികം സീറ്റുകൾ നേടിയെടുക്കുക എന്നത്.
മേയ് അവസാനം തൃശ്ശൂരിൽ ആസൂത്രണം ചെയ്തിരിക്കുന്ന വനിതാ സംഗമത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുംവിധത്തിലാണ് നീക്കങ്ങൾ. പ്രധാനമന്ത്രി തൃശ്ശൂരിലെത്തുമ്പോൾ വമ്പൻറോഡ് ഷോ നടത്താൻ നിർദേശം ഉണ്ടാകുമെന്നാണ് ബി.ജെ.പി. നേതൃത്വം വിലയിരുത്തുന്നത്. അനൗദ്യോഗികമായി ബി.ജെ.പി. നേതാക്കൾ ഈ വിവരം മാതൃഭൂമി ന്യൂസുമായി പങ്കുവെച്ചെങ്കിലും ഔദ്യോഗിക വിശദീകരണം ബി.ജെ.പി. നേതൃത്വം നൽകിയിട്ടില്ല. കേരളത്തിൽ അടുത്ത ഒരു വർഷം തുടർപരിപാടികൾ നടത്താനാണ് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. കഴിഞ്ഞ പരിപാടിയുടെ വിജയം അടുത്തദിവസം കൊച്ചിയിൽ യോഗം ചേർന്ന് ബി.ജെ.പി. നേതൃത്വം വിലയിരുത്തും.
Content Highlights: pm narendra modi next road show on thrissur report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..