റാഞ്ചി: ആയുഷ്മാന്‍ ഭാരത് പദ്ധതി ഭാവിയില്‍ ഇന്ത്യയെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റാഞ്ചി മെഡിക്കല്‍ കോളജില്‍ മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും വലിയ പദ്ധതിയാണിത്. മാനവസേവയുടെ ഏറ്റവും വലിയ പദ്ധതിയെന്ന് ഭാവിയില്‍ വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതിയെ വിവിധ പേരുകളില്‍ വിളിച്ചേക്കാം. എന്നാല്‍ തനിക്കിത് സാധാരണക്കാരെ സേവിക്കാനുള്ള അവസരം മാത്രമാണ്. യൂറോപ്പിന്റെയും അമേരിക്കയുടെയും ആകെ ജനസംഖ്യയുടെ അത്രതന്നെ ആളുകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ പോകുന്നത്. ഇത് വെറും ചെറിയ ജോലിയല്ലെന്നും മോദി അവകാശപ്പെട്ടു.
ഇന്ത്യയിലെ ഒരു പൗരനും ആശുപത്രിയില്‍ പോകേണ്ട ആവശ്യം ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഉണ്ടാവുകയാണെങ്കില്‍ ആയുഷ്മാന്‍ ഭാരത് സേവനത്തിനായി നിങ്ങളുടെ വീട്ടുപടിക്കലുണ്ടാകും. പണക്കാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ അത് പാവങ്ങള്‍ക്കും ലഭിക്കണം- അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് ഞങ്ങള്‍ ഏപ്പോഴും വിശ്വസിക്കുന്നത്. ആയുഷ്മാന്‍ യോജനയില്‍ പങ്കാളിയാകുന്നവരോട് ജാതിയുടെയോ വര്‍ണത്തിന്റെയോ മതത്തിന്റെയോ പേരില്‍ വിവേചനം കാണിക്കില്ലെന്നും മോദി ഉറപ്പുനല്‍കി.
പദ്ധതിയില്‍ ചേരാന്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. രാജ്യത്തെമ്പാടുമായി 13,000 ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തരത്തിലുള്ള ആരോഗ്യരക്ഷാ സംവിധാനമാണ് തന്റെ സര്‍ക്കാര്‍ ഒരുക്കുന്നത്. രോഗപ്രതിരോധത്തിനും മുന്‍ഗണന നല്‍കും. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.
രാജ്യത്തെ 50 കോടിയോളം വരുന്ന സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. വര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതേസമയം കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമായിട്ടില്ല.
ഇന്ത്യയുടെ ആരോഗ്യരംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി പദ്ധതി പ്രഖ്യാപിച്ചത്. 2011 ലെ സമാഹ്യ- സാമ്പത്തിക സെന്‍സസ് കണക്കാക്കിയാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്. സ്വകാര്യ ആശുപത്രി ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയുടെ ഭാഗമാണെന്നും ഒരു രൂപപോലും ചിലവഴിക്കാതെ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ചികിത്സ തേടാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.