ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ് ആര്‍ ഒ കേന്ദ്രത്തില്‍ നടന്നത് വികാരനിര്‍ഭരമായ രംഗങ്ങള്‍. 

രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ വിതുമ്പി. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത് ചുറ്റും നിന്നവരെയെല്ലാം സങ്കടത്തിലാക്കി. 

ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ സങ്കടത്തിലാക്കിയത്. രാജ്യം മുഴുവനും ഐ.എസ്.ആര്‍.ഒയ്‌ക്കൊപ്പമുണ്ടെന്നും ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നുവെന്നും പറഞ്ഞായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

പുലര്‍ച്ചെ ദൗത്യം ലക്ഷ്യം കാണാത്ത വേളയിലും പ്രധാനമന്ത്രി ഐഎസ്ആര്‍ഒ ചെയര്‍മാനെ ആശ്വസിപ്പിച്ചിരുന്നു. ദൗത്യം ലക്ഷ്യത്തിലെത്താത്തതില്‍ അതീവ ദുഃഖിതനായായിരുന്നു ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍. മറ്റ് ശാസ്ത്രജ്ഞരും നിരാശയിലായിരുന്നു. എന്നാല്‍ ഐ.എസ്.ആര്‍.ഒ യുടെ നേട്ടങ്ങളെ രാജ്യം വിലമതിക്കുന്നുണ്ടെന്നും കൂടുതല്‍ കരുത്തരായി മുന്നോട്ട് പോകണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. 

ശനിയാഴ്ച പുലര്‍ച്ചെ ലാന്‍ഡറിന്റെ സിഗ്നല്‍ നഷ്ടമായത് മറ്റു ശാസ്ത്രജ്ഞരുമായി സംസാരിച്ച് സ്ഥിരീകരിച്ച ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ പ്രധാനമന്ത്രിയുടെ അരികിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയാരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. ആ സമയത്തും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ അതീവ ദുഃഖിതനായിരുന്നു.

content highlights: PM Narendra Modi hugged and consoled ISRO Chief K Sivan after he(Sivan) broke down