പ്രധാനമന്ത്രി രാജ്യസഭയിൽ സംസാരിക്കുന്നു | Photo: ANI
ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ച്ചക്കപ്പുറം കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനാകില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചയാളാണ് മഹാത്മാഗാന്ധിയെന്നും അതു സാധിച്ചിരുന്നെങ്കില്‍ ഇന്ത്യ സ്വജനപക്ഷപാതത്തില്‍ നിന്ന് മുക്തരാകുമായിരുന്നെന്നും മോദി പറഞ്ഞു.
'ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി കുടുംബാധിപത്യ പാര്‍ട്ടികളാണ്. ഒരു കുടുംബം പരമപ്രധാനമാകുമ്പോള്‍ കഴിവുള്ളവന്‍ പുറത്താകുന്നു എന്നതാണ് ഏറ്റവും വലിയ അപകടം. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ചിലര്‍ ആശ്ചര്യപ്പെടുന്നു. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്നതില്‍ കുടുങ്ങി കിടക്കുന്നവരാണ് അവര്‍'- ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'കോണ്‍ഗ്രസ് തുടര്‍ന്നാല്‍ എല്ലാം നശിപ്പിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നടന്നിരുന്നെങ്കില്‍ ഇന്ത്യ സ്വദേശിപാത സ്വീകരിക്കുമായിരുന്നു. അടിയന്തരാവസ്ഥയുടെ കളങ്കം ഉണ്ടാകില്ലായിരുന്നു. പതിറ്റാണ്ടുകളായി അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെടുമായിരുന്നില്ല. സിഖുകാരുടെ കൂട്ടക്കൊല ചെയ്യുമായിരുന്നില്ല, കശ്മീരില്‍ നിന്ന് പലായനം ഉണ്ടാകുമായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സാധാരണക്കാരന് ഇത്രയും കാത്തിരിക്കേണ്ടി വരില്ലായിരുന്നു.'-പ്രധാനമന്ത്രി ആരോപിച്ചു.
തിങ്കളാഴ്ച്ച ലോക്‌സഭയിലും പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരേ രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനത്തിന് കാരണം കോണ്‍ഗ്രസാണെന്നും ഇത്രയും തവണ തോറ്റിട്ടും പ്രതിപക്ഷ പാര്‍ട്ടിക്ക് അഹങ്കാരത്തിന് കുറവില്ലെന്നും മോദി ലോക്‌സഭയില്‍ പ്രസംഗിച്ചിരുന്നു. ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കും മോദി മറുപടി നല്‍കി.
ഇന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനും ഗാന്ധിമാര്‍ക്കും എതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി, 'പ്രതിഭയാണ് രാജവംശ രാഷ്ട്രീയത്തിന്റെ ആദ്യത്തെ അപകടം' എന്ന് പറഞ്ഞു, 'കോണ്‍ഗ്രസ് ഇല്ലായിരുന്നുവെങ്കില്‍' രാജ്യം എങ്ങനെ മാറുമായിരുന്നുവെന്ന് പട്ടികപ്പെടുത്തി.
Content Highlights: PM Narendra Modi Continues Congress Attack
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..