Photo: ANI
ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റ് വീശാനിടയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മുന്‍കൂട്ടി ഒഴിപ്പിക്കുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ മോദി പറഞ്ഞു. യാസ് ചുഴലിക്കാറ്റിന് ഇടയാക്കുന്ന ന്യൂനമര്‍ദ്ദം മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ജനങ്ങള്‍ മാറ്റിത്താമസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി പ്രധനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വൈദ്യുതിയും ടെലഫോണ്‍ സംവിധാനവും തകരാറിലായാല്‍ താമസം കൂടാതെ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം നിര്‍ദേശം നല്കി.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ടെലികോം, വൈദ്യുതി, സിവില്‍ ഏവിയേഷന്‍, ഭൗമശാസ്ത്രം എന്നീ വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റു മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മേയ് 22ന് രൂപപ്പെട്ട ന്യൂനമര്‍ദ്ദം മെയ് 23 രാവിലെയോടെ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നും ഇത് വടക്ക്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മെയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറും.
തുടര്‍ന്നും വടക്ക്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡിഷ തീരത്തിനുമിടയില്‍ എത്തിച്ചേര്‍ന്ന് മെയ് 26 ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കന്‍ തീരത്തിനുമിടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒഡീഷയിലും പശ്ചിമ ബംഗാളിലും ചുഴലിക്കാറ്റിന്റെ ആഘാതം കൂടാതെ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കിഴക്കന്‍ തീരത്തെ ജില്ലകളിലും വ്യാപകമായ മഴയുണ്ടാകാം, ഇത് ചില ഉള്‍നാടന്‍ മേഖലകളില്‍ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തി വരികയാണ്.
ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേനയുടേയും തീര സംരക്ഷണ സേനയുടേയും സഹായം ഒഡീഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലൂടെ അടുത്ത ആഴ്ചയില്‍ കടന്നുപോകുന്ന 22 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..