ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ കോവിഡ് വാക്‌സിന്റെ വിതരണ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഏത് വിഷയത്തിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം പ്രധാനമന്ത്രി ഇത് ഏഴാം തവണയാണ് രാജ്യത്തെ അഭിസോബോധന ചെയ്യാനിക്കുന്നത്.

രാജ്യത്ത് കോവിഡ്‌കേസുകള്‍ വിര്‍ദ്ധിച്ചുവരുന്ന ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച് തിങ്കളാഴ്ച നടന്ന ഒരു പരിപാടിയില്‍ അദ്ദേഹം ചില സൂചനകള്‍ നല്‍കുകയുണ്ടായിരുന്നു. കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഡിജിറ്റല്‍ ആരോഗ്യ ഐഡി ഉപയോഗിക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്.

'കോവിഡ് വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യ ഇപ്പോള്‍ മുന്‍പന്തിയിലാണ്. ചില വാക്‌സിന്‍ അന്തിമഘട്ടത്തിലാണ്. സ്ഥാപിതമായ വാക്‌സിന്‍ വിതരണം സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി ഇന്ത്യ ഇതിനകംതന്നെ പ്രവര്‍ത്തിച്ചുവരികയാണ്. ഡിജിറ്റൈസ്ഡ് നെറ്റ്‌വര്‍ക്ക്, ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി എന്നിവ പൗരന്‍മാരുടെ രോഗപ്രതിരോധം ഉറപ്പാക്കാന്‍ ഉപയോഗിക്കും.' പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ഒരു ഉദ്ഘാടന ചടങ്ങില്‍ പറയുകയുണ്ടായി.

വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

Content Highlights: PM Narendra Modi-Centre's plan regarding distribution of COVID-19 vaccine