ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഞായറാഴ്ച രാംലീല മൈതാനിയില്‍. ഭീകരാക്രമണ ഭീഷണിയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളും കണക്കിലെടുത്ത് പഴുതടച്ച സുരക്ഷാസംവിധാനങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  രാവിലെ 11.30 ഓടെ പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. 

ലോക്കല്‍ പോലീസ്, ഡല്‍ഹി പോലീസ്, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌(എന്‍എസ്ജി) എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. രാംലീല മൈതാനിയിലും പരിസരത്തും അയ്യായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രദേശത്തുകൂടി വ്യോമഗതാഗതവും നിരോധിച്ചു. വ്യോമാക്രമണം ചെറുക്കാന്‍ ആന്റി-എയര്‍ക്രാഫ്റ്റ്, ആന്റി ഡ്രോണ്‍ സ്‌ക്വാഡ് എന്നിവയും ക്യാമ്പ് ചെയ്യുന്നു. 

രാംലീല മൈതാനിയിലേക്കുള്ള എല്ലാ വഴികളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. കര്‍ശനമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഓരോ വാഹനങ്ങളും കടത്തിവിടുക. മാത്രമല്ല, പ്രദേശത്തെ കെട്ടിടങ്ങളില്‍ ഏത് സാഹചര്യവും നേരിടാനായി സ്‌നൈപര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 

ധന്യവാദ് റാലി എന്ന പേരിലാണ് ബിജെപി ഡല്‍ഹിയില്‍ ഞായറാഴ്ച റാലി സംഘടിപ്പിക്കുന്നത്. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കും. ഡല്‍ഹിയിലെ അനധികൃത കോളനികളിലെ 40 ലക്ഷത്തോളം പേര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കാനുള്ള തീരുമാനത്തിന് നന്ദിസൂചകമായാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് വിജയ് ഗോയല്‍ പറഞ്ഞു. നന്ദി അറിയിച്ചുള്ള 11 ലക്ഷം പേരുടെ കുറിപ്പും ഒപ്പും പരിപാടിയില്‍ പ്രധാനമന്ത്രിക്ക് നല്‍കും. 

Content Highlights: pm narendra modi attends rally in delhi ramleela maidan today, high level security arranged