നരേന്ദ്ര മോദിയും ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയും, ഇന്ത്യ സന്ദർശനത്തിനിടെ പകർത്തിയ ചിത്രം | Photo: PTI
ന്യൂഡൽഹി: സൗമ്യമായ മുഖവും സൗഹൃദംനിറഞ്ഞ ചിരിയും മുദ്രകളാക്കിയ ഷിൻസോ ആബെ ഇന്ത്യ-ജപ്പാൻ ചരിത്രത്തിൽ എഴുതിയത് ഊഷ്മളചരിത്രം. വാരാണസിയിലെ ഗംഗാ ആരതിമുതൽ പദ്മവിഭൂഷൺ ബഹുമതിവരെയുള്ള വ്യക്തിഗത അനുഭവങ്ങളും ബുള്ളറ്റ് ട്രെയിൻമുതൽ പ്രതിരോധക്കരാർവരെയുള്ള ഉഭയകക്ഷിപദ്ധതികളും ചരിത്രത്തിൽ ഇടംപിടിച്ചത് ആബെയുടെ പ്രധാനമന്ത്രിപദകാലത്താണ്. ലോകവേദികളിൽ എക്കാലത്തും ഇന്ത്യയെ അദ്ദേഹം പിന്തുണച്ചു. മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് കിളിർത്ത് നരേന്ദ്രമോദിയുടെ ഭരണത്തിൽ വളർന്ന ആബെ-ഇന്ത്യ സൗഹൃദം, ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം ചെറുക്കാനും ഇന്ത്യക്ക് തുണയായി.
ഇന്ത്യയിലെത്തിയത് നാലുവട്ടം
രണ്ടുഘട്ടങ്ങളിലായി പ്രധാനമന്ത്രിപദം വഹിച്ച ആബെ നാലുവട്ടം ഇന്ത്യയിലെത്തി. 2007-ൽ യു.പി.എ. ഭരണകാലത്തായിരുന്നു ആദ്യം. അന്ന് പാർലമെന്റിനെ അഭിസംബോധനചെയ്ത് നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ ജനാധിപത്യധാരയെ അദ്ദേഹം ശ്ലാഘിച്ചു.
രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയപ്പോൾ മൂന്നുതവണയാണ് ആബെ ഇന്ത്യയിലെത്തിയത്. 2014-ൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി. 2015-ൽ ഉഭയകക്ഷി ചർച്ചകൾക്കായി മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് എത്തിയത്. 2017-ൽ ആബെ സന്ദർശിച്ചത് ഗുജറാത്തിലെ അഹമ്മദാബാദ്. ജപ്പാൻ സഹകരണത്തോടെ ഇന്ത്യ ആരംഭിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് രണ്ടു പ്രധാനമന്ത്രിമാരും ചേർന്ന് തറക്കല്ലിട്ടു.
2018-ൽ ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാനിലെത്തിയ മോദിയെ ആബെ തന്റെ പൈതൃകഗൃഹമായ യമനാഷിയിൽ സ്വീകരിച്ചു. മോദിക്കായി സ്വകാര്യവിരുന്ന് സംഘടിപ്പിച്ചു. ആദ്യമായാണ് ഒരു വിദേശനേതാവിന് ഇത്തരത്തിൽ സ്വീകരണം നൽകിയത്.

ചൈനയ്ക്കെതിരേമുന്നണിയിൽ
2013മുതൽ ഇന്ത്യ-ചൈന സംഘർഷസമയങ്ങളിൽ ജപ്പാൻ ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചതിനുപിന്നിൽ ആബെയുടെ സൗഹൃദമായിരുന്നു. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ മേധാവിത്വം വർധിക്കുന്നത് ചെറുക്കാൻ രൂപവത്കരിച്ച ‘ക്വാഡ്’ കൂട്ടായ്മ ആബെയുടെ സൃഷ്ടിയാണ്.
ഇന്തോ-പസഫിക് മേഖലയിൽ അന്താരാഷ്ട്രനിയമമനുസരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്രവ്യാപാരപാതയാണ് പ്രധാന സംഭാവന. ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന്റെ നിത്യചിഹ്നമായി 2021-ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു. മേയ് മാസത്തിൽ ടോക്യോവിൽനടന്ന ക്വാഡ് ഉച്ചകോടിക്കിടയിലാണ് ഇരുവരും ഒടുവിൽ കണ്ടത്.
വലതുപക്ഷത്തിന് പ്രിയങ്കരൻ; പതിറ്റാണ്ടിലെ നേതാവ്
: സാമ്പത്തികപ്രതിസന്ധികളും രാഷ്ട്രീയ അസ്ഥിരതയും ജപ്പാനെ വിടാതെ പിടികൂടിയിരുന്ന കാലത്താണ് ഷിൻസോ ആബേ ഒന്നാംനിര നേതാക്കളുടെ ശ്രേണിയിലേക്ക് ഉയർന്നത്. സാമ്പത്തികമേഖലയിലും വിദേശബന്ധങ്ങളിലും പുതിയ വഴിവെട്ടി. ജപ്പാനിൽ ആബെയുടെ ഭരണകാലം മാറ്റത്തിന്റേതായിരുന്നു.
തലമുറകളെ പിന്തുടർന്ന്...
1954 സെപ്റ്റംബർ 21-ന് ടോക്യോയിൽ പ്രമുഖ രാഷ്ട്രീയകുടുംബത്തിൽ ജനിച്ചു. മുത്തച്ഛൻ നൊബുസുകെ കിഷി മുൻപ്രധാനമന്ത്രിയും പിതാവ് ഷിന്റാരോ ആബേ മുൻ വിദേശകാര്യമന്ത്രിയും. ടോക്യോയിലെ സെയ്കി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. പിന്നീട് യു.എസിലെ സൗത്ത് കാലിഫോണിയ സർവകലാശാലയിൽ പബ്ലിക് പോളിസി പഠിച്ചു. കുറച്ചുകാലം ഉരുക്കുകമ്പനിയിൽ പ്രവർത്തിച്ചു. ശേഷം രാഷ്ട്രീയത്തിലേക്ക്.
ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ശക്തമായ സെയ്വാകായ് ഘടകത്തിന്റെ നേതാവായിരുന്നു പിതാവ്. 1991-ൽ അദ്ദേഹം മരിച്ചു. അതോടെ നേതൃസ്ഥാനത്തേക്ക് ഉയർന്നു. 1993-ൽ യാമാഗുച്ചി പ്രവിശ്യയെ പ്രതിനിധാനംചെയ്ത് ആദ്യമായി നിയമനിർമാണസഭയിലെത്തി. 2005-ൽ പ്രധാനമന്ത്രി ജുനുച്ചിറോ കൊയ്സുമിയുടെ കീഴിൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായി.
അധികാരത്തിൽ
2005-ൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലേക്ക്. 2006 സെപ്റ്റംബർ 26-ന് 52-ാം വയസ്സിൽ ആദ്യമായി പ്രധാനമന്ത്രിയായി. ലോകയുദ്ധത്തിനുശേഷം ജപ്പാന്റെ പ്രധാനമന്ത്രിയാകുന്ന ഏറ്റവുംപ്രായംകുറഞ്ഞ വ്യക്തി. ദേശീയതയിൽ ഊന്നിയായിരുന്നു ആദ്യഭരണകാലം. വിവാദങ്ങൾക്കും പഞ്ഞമുണ്ടായില്ല. 2007-ൽ പ്രധാനമന്ത്രിസ്ഥാനം ഉപേക്ഷിച്ചു. അന്നുമുതൽ അദ്ദേഹം വൻകുടൽസംബന്ധിച്ച രോഗത്തിന് ചികിത്സയിലായിരുന്നു.
ആബെനോമിക്സ്
2012-ൽ പാർട്ടിനേതൃത്വത്തിലേക്കും പ്രധാനമന്ത്രിപദത്തിലേക്കും തിരിച്ചെത്തി. ജപ്പാൻ കറൻസിയുടെ മൂല്യത്തകർച്ച തടയുന്നതിനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. ആരാധകർ അതിനെ ‘ആബെനോമിക്സ്’ എന്നുവിളിച്ചു.
ജപ്പാന്റെ ഭരണഘടന തിരുത്തിയെഴുതണമെന്നത് ആബെയുടെ നടക്കാതെപോയ സ്വപ്നങ്ങളിലൊന്നാണ്. അതിശക്തമായ ദേശീയവികാരം ചൈനയെയും ഉത്തരകൊറിയയെയും അകറ്റി. യു.എസിനോട് അടുത്തു. രാഷ്ട്രീയ, സാമ്പത്തിക നയങ്ങളോട് എതിർപ്പുള്ളവർപോലും അംഗീകരിക്കുന്ന ഒരുകാര്യമുണ്ട്; പതിറ്റാണ്ടുകൾക്കിടെ ജപ്പാൻകണ്ട ഏറ്റവുംകരുത്തനായ നേതാവാണ് ഷിൻസോ ആബെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..