ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധി ചര്‍ച്ചചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം വന്‍ ദുരന്തമായി മാറിയെന്നും പ്രധാനമന്ത്രി മോദിയുടെ നിസംഗതയും, കഴിവുകേടും, നിര്‍വികാരതയുമാണ് ഈ സാഹചര്യത്തിലേക്ക് രാജ്യത്തെ നയിച്ചതെന്നും പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തിയ ശേഷമാണ് കോവിഡ് സാഹചര്യം സമിതി ചര്‍ച്ച ചെയ്തത്.

വിദഗ്ധരുടെ ഉപദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. കോവിഡിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍തന്നെ കോവിഡ് പോരാട്ടത്തില്‍ വിജയം നേടിയെന്ന പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ നടത്തി. ആരോഗ്യ മേഖലിയിലെ വിദഗ്ധരും ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയും പോലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ വിമുഖത കാണിക്കുകയും കഴിവുകേട് പ്രകടിപ്പിക്കുകയും ചെയ്തു.

വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തിലും പ്രവര്‍ത്തക സമിതി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു. കടുത്ത യാഥാര്‍ഥ്യങ്ങള്‍ അഗീകരിക്കാന്‍ മോദി സര്‍ക്കാര്‍ വിമുഖത കാട്ടി. വാക്‌സിന്‍ വിതരണം വേഗത്തിലാക്കുന്നതിനുള്ള  നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട കത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞമാസം പ്രധാനമന്ത്രി  മോദിക്ക് അയച്ചിരുന്നു. എന്നാല്‍, അന്തസിന് ചേരാത്ത തരത്തിലുള്ള മറുപടിയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ ഭാഗത്തുനിന്ന് ലഭിച്ചത്.

കോവിഡ് മരണങ്ങളുടെ കണക്കില്‍ വന്‍ പിഴമുണ്ടെന്ന വസ്തുത ആശങ്ക ഉയര്‍ത്തുന്നു. കോവിഡ് മരണങ്ങള്‍ പലതും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നില്ല എന്നകാര്യം ദുഃഖകരമാണ്. വിവരങ്ങള്‍ മറച്ചുവെക്കാതെ പുറത്തുവിടുക എന്നത് മാത്രമാണ് പ്രശ്‌നത്തിന് പരിഹാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരഭിമാന പദ്ധതിയാണ് സെന്‍ട്രല്‍ വിസ്റ്റ. വന്‍തുക പാഴാക്കിക്കളയുകയാണ് അതിലൂടെ ചെയ്യുന്നത്. കഠിനഹൃദയത്തോടെ നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ അപമാനമാണ്. പ്രധാനമന്ത്രി മോദി തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുകയും സ്വന്തം താത്പര്യങ്ങള്‍ നടപ്പാക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാന്‍ തയ്യാറാവുകയും വേണം. രാജ്യം മുഴുവന്‍  ദുരിതം അനുഭവിക്കുന്ന സമയത്ത് അതാണ് ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി.

കോവിഡ് വാക്‌സിനേഷന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുകയും അത് സംസ്ഥാനങ്ങളുടെ ചുമലില്‍  വെക്കുകയും ചെയ്തുവെന്ന് പ്രവര്‍ത്തക സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുക ആയിരുന്നു ചെയ്യേണ്ടതെന്നും സോണിയ പറഞ്ഞിരുന്നു.

Content Highlights: PM must atone for his mistakes - CWC resolution on COVID crisis