ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി വ്യോമപാത തുറന്നുനല്‍കി പാകിസ്താന്‍. സുരക്ഷാ കാരണങ്ങളാല്‍ അഫ്ഗാന്‍ വ്യോമപാത ഒഴിവാക്കി പാക് വ്യോമപാതയിലൂടെ യുഎസിലേക്ക് പറക്കാനാണ് ഇന്ത്യ പാകിസ്താന്റ അനുമതി തേടിയത്. ഇന്ത്യയുടെ ആവശ്യപ്രകാരം വ്യോമപാത ഉപയോഗിക്കാന്‍ പാക് അധികൃതര്‍ അനുമതി നല്‍കിയതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും വിദേശ യാത്രകള്‍ക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. പാക് നടപടിയില്‍ രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈനേഷനില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വര്‍ഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 

മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അമേരിക്കയിലേക്ക് തിരിച്ചത്. വാഷിങ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തും സംസാരിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. അമേരിക്കന്‍ പ്രസിഡന്റായശേഷം ജോ ബൈഡനുമായുള്ള മോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. 

സുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും മോദി ചര്‍ച്ച നടത്തും. വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ രൂപവത്കരണം മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാവും. യു.എസ്. വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിനെയും പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ പ്രതിനിധികളെയും പ്രധാനമന്ത്രി കാണും.

വാഷിങ്ടണില്‍ ബൈഡനുമായും അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരുമായുമുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ്‌ ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍) നേരിട്ടുള്ള ആദ്യയോഗം ചേരുക. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ മേധാവിത്വത്തിനെതിരേ തന്ത്രപ്രധാനവും തുറന്നതും സമഗ്രവുമായി നിലപാട് സ്വീകരിക്കാനുള്ള ക്വാഡ് കൂട്ടായ്മയുടെ ആദ്യ ഓണ്‍ലൈന്‍ യോഗത്തിന് മാര്‍ച്ചില്‍ അമേരിക്ക ആതിഥേയത്വം വഹിച്ചിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശൃംഗ്ല ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൊവ്വാഴ്ച തന്നെ ന്യൂയോര്‍ക്കിലെത്തിയിട്ടുണ്ട്. 

content highlights: PM Modis flight to US will avoid Afghanistan, Pakistan gives nod for usage of its airspace