ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പുതിയ എ.കെ. 47 തോക്ക് നിര്‍മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉദ്ഘാടനംചെയ്യും. അമേഠിയിലെ കൗഹാറിലെ കൊര്‍വ ആയുധ നിര്‍മാണശാലയിലാണ് റഷ്യയുടെ സഹകരണത്തോടെ അത്യാധുനിക എ.കെ. 47 തോക്കുകളുടെ നിര്‍മാണയൂണിറ്റ് ആരംഭിക്കുന്നത്. ഇന്തോ-റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കീഴിലായിരിക്കും പുതിയ യൂണിറ്റിന്റെ പ്രവര്‍ത്തനം. 

പുതുതലമുറയില്‍പ്പെട്ട എ.കെ. 47 തോക്കുകളായിരിക്കും കൊര്‍വയിലെ പുതിയ യൂണിറ്റില്‍ നിര്‍മിക്കുകയെന്നും പുതിയ സംരംഭം സൈന്യത്തിന് കരുത്താകുമെന്നും ദേശീയ സുരക്ഷയെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊര്‍വയില്‍ പുതിയ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അമേഠിയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ അമേഠിയില്‍ തോക്ക് നിര്‍മാണ യൂണിറ്റിന് പുറമേ ഊര്‍ജ, വിദ്യാഭ്യാസ, ആരോഗ്യ, നിര്‍മാണ മേഖലകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഞായറാഴ്ച നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് പുറമേ കൊര്‍വയില്‍ സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. 

Content Highlights: pm modi will launch new ak 47 kalashnikov rifles unit in amethi