നരേന്ദ്ര മോദി | Photo : ANI
ലഖ്നൗ: രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, രാജ്യത്ത് ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ ബലപ്പെടുത്താന്‍ സ്വജനപക്ഷപാതത്തില്‍ അകപ്പെട്ടുകിടക്കുന്ന രാഷ്ട്രീയകക്ഷികള്‍ അതില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ദേഹാത് ജില്ലയിലെ പരൗഖില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
"തനിക്കെതിരെയാണ് പരമ്പരാഗത രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തനം. ആരുമായും വ്യക്തിപരമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ല. രാജ്യത്ത് കരുത്തുറ്റ ഒരു പ്രതിപക്ഷമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ജനാധിപത്യവ്യവസ്ഥ ശക്തിപ്പെടുത്താന്‍ കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകണം. അതിലൂടെ മാത്രമേ രാജ്യത്തെ യുവജനങ്ങള്‍ക്ക് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ", മോദി പറഞ്ഞു.
രാഷ്ട്രീയരംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും സ്വജനപക്ഷപാതം വികസനത്തെ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സ്വജനപക്ഷപാതികള്‍ തനിക്കെതിരെ കോപ്പുകൂട്ടുകയാണെന്നും മോദി ആരോപിച്ചു. ഇത്തരത്തിലുള്ള ദുരാചാരങ്ങള്‍ അവസാനിപ്പിക്കേണ്ടത് നാമോരുത്തരുടേയും കടമയാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഗ്രാമീണമേഖലകളില്‍ വസിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്കും രാജ്യത്തിന്റെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാകാനുള്ള അവസരം ലഭിക്കണം. ഏറ്റവും പ്രബലരായ തൊഴിലാളികള്‍ ഗ്രാമങ്ങളിലാണുള്ളത് എന്നതു കൊണ്ടാണ് ഗ്രാമവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് കാരണം. ഗ്രാമങ്ങള്‍, സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരുടേയും പഞ്ചായത്തുകള്‍ പോലുള്ള സ്ഥാപനങ്ങളുടേയും വികസനത്തിനാണ് രാജ്യം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും മോദി പറഞ്ഞു. ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ വന്നുകഴിഞ്ഞു, വീടുകളും റോഡുകളും അതിവേഗത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. നഗരങ്ങളിലെ വികസനത്തിനൊപ്പമാവണം ഗ്രാമങ്ങളും വികസിക്കേണ്ടതെന്നാണ് നവഇന്ത്യയുടെ പ്രതിജ്ഞയും ചിന്തയുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..