മുംബൈ: ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നതായി എന്‍സിപി നേതാവ് ശരദ് പവാര്‍. മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പവാര്‍ ഇക്കാര്യം  വെളിപ്പെടുത്തിയത്. 

ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹവുമായുള്ള വ്യക്തിബന്ധം മികച്ചതാണ്. അതങ്ങനെ തന്നെ തുടരും. അതേസമയം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും ശരദ് അഭിമുഖത്തില്‍ പറഞ്ഞു.

തന്നെ രാഷ്ട്രപതിയാക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍ മകളും എന്‍സിപി എംപിയുമായ സുപ്രിയ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. 

എപ്പോളാണ് മോദി ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവെച്ചതെന്ന് പവാര്‍ വ്യക്തമാക്കിയില്ല. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മോദിയും പവാറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചക്കിടെയാണ് മോദി ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ശരദ് പവാറിനോട് ആവശ്യപ്പെട്ടതെന്നാണ് സൂചന.

നേരത്തെ രാജ്യസഭയില്‍ വെച്ച് മോദി എന്‍സിപിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പാര്‍ലമെന്റ് നടപടികളോട് സഹകരിക്കുന്ന പാര്‍ട്ടിയാണ് എന്‍സിപിയെന്നും മറ്റ് പാര്‍ട്ടികള്‍ക്ക് എന്‍സിപിയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Modi had offered me to work together. I told him that it is not possible for me to work together: Sharad Pawar