ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഹോക്കിയിലെ വെങ്കല നേട്ടം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തിനെതിരെ വിമര്‍ശം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിമ്പിക്‌സില്‍ രാജ്യത്തെ യുവാക്കള്‍ വലിയ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനായി മാത്രം നിലകൊള്ളുകയാണെന്ന് മോദി വിമര്‍ശിച്ചു.

ഒരുഭാഗത്ത് നമ്മുടെ യുവാക്കള്‍ രാജ്യത്തിനായി വിജയ ഗോളുകള്‍ നേടി ഏറെ നേട്ടങ്ങള്‍ കൈവരിക്കുന്നു. എന്നാല്‍ മറ്റുചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സെല്‍ഫ് ഗോളുകളടിക്കുകയാണ്. രാജ്യം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കോ നേട്ടങ്ങളിലോ മാറ്റങ്ങളിലോ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമര്‍ശിച്ച് മോദി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി വിര്‍ച്വലായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചതുമുതല്‍ പെഗാസസ്, ഇന്ധന വില വര്‍ധന, കര്‍ഷക പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. ഇരുസഭകളും തടസ്സപ്പെടുത്തി പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രതിപക്ഷത്തിനെതിരേ മോദി വീണ്ടും വിമര്‍ശനം ഉന്നയിച്ചത്. സഭയിലെ പ്രതിപക്ഷ പ്രതിഷേധം രാജ്യത്തെ ഭരണഘടനയേയും ജനാധിപത്യത്തെയും ജനങ്ങളെയും അപമാനിക്കുന്നതാണെന്നും നേരത്തെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു.

content highlights: PM Modi Uses Hockey Reference To Take Aim At Opposition