പ്രധാനമന്ത്രി ചടങ്ങിൽ സംസാരിക്കുന്നു. photo: ANI
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമ ഇന്ത്യാഗേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ഗ്രാനൈറ്റ് ശിലയില്‍ തീര്‍ത്ത പ്രതിമ സ്ഥാപിക്കുന്നതുവരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇവിടെ തുടരും. ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും മോദി പറഞ്ഞു
ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ വിസമ്മതിച്ച ആളാണ് നേതാജി. അദ്ദേഹത്തിന്റെ പ്രതിമ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും പ്രചോദനമാകുമെന്ന് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. ഇതൊരു ചരിത്ര സ്ഥലവും ചരിത്ര സന്ദര്‍ഭവുമാണ്. നേതാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മള്‍ മുന്നോട്ടുപോകണമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതു വെറുമൊരു പ്രതിമയല്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി എല്ലാം നല്‍കിയ നേതാജിക്കുള്ള ഉചിതമായ ആദരവാണിതെന്നും അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞു.
ലേസര്‍ വെളിച്ചം പ്രസരിപ്പിച്ച് രൂപപ്പെടുത്തുന്ന നേതാജിയുടെ ഹോളോഗ്രം പ്രതിമയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യാഗേറ്റില്‍ സ്ഥാപിച്ചത്. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമയ്ക്ക് 28 അടി ഉയരവും 6 അടി വീതിയുമുണ്ടാകും.
റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകള്‍ക്കും നേതാജിയുടെ ജന്മവാര്‍ഷികദിനത്തില്‍ തുടക്കം കുറിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ഷവും നേതാജിയുടെ ജന്മദിന വാര്‍ഷികം പരാക്രം ദിവസ് ആയാണ് ആചരിക്കുക.
content highlights: PM Modi unveils hologram statue of Netaji Subhas Chandra Bose at India Gate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..