ന്യൂഡല്‍ഹി: ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴ് വിദേശയാത്രകള്‍ നടത്തിയെന്നും ഒമ്പത് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലോക്സഭാംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഭൂട്ടാന്‍, ഫ്രാന്‍സ്, യുഎഇ, ബെഹ്‌റൈന്‍, റഷ്യ, യു.എസ്, സൗദി അറേബ്യ, തായ്‌ലന്‍ഡ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റിനും നവംബറിനുമിടെ സന്ദര്‍ശിച്ചത്. സെപ്റ്റംബര്‍ 22 ന് ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടി അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്‌സാസ് ഇന്ത്യ ഫോറം എന്ന സന്നദ്ധ സംഘടനയാണ് സംഘടിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടിയായി ലോക്‌സഭയെ അറിയിച്ചു.
സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി മോദി ഹൗഡി മോദി പരിപാടിയുടെ സംഘാടകരുടെ ക്ഷണം സ്വീകരിച്ച് അതില്‍ പങ്കെടുക്കുകയായിരുന്നു. ഇന്ത്യന്‍ - അമേരിക്കന്‍ സമൂഹത്തിന്റെ പ്രതിനിധികളെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ടെക്‌സാസ് ഇന്ത്യ ഫോറവുമായി കേന്ദ്രസര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള സഹകരണമില്ല. ഹൗഡി മോദി പരിപാടിക്ക് കേന്ദ്രസര്‍ക്കാര്‍ പണം ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴ് വിദേശ രാജ്യങ്ങളും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആറ് വിദേശ രാജ്യങ്ങളുമാണ് ഈ കാലയളവില്‍ സന്ദര്‍ശിച്ചത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും സഹമന്ത്രി വി മുരളീധരനും 16 രാജ്യങ്ങള്‍വീതം ഈ കാലയളവില്‍ സന്ദര്‍ശിച്ചു. ജര്‍മന്‍ ചാന്‍സ്‌ലര്‍ ആംഗേല മെര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരടക്കം 14 വിദേശരാജ്യങ്ങളില്‍നിന്നുള്ള വിശിഷ്ട വ്യക്തികളാണ് ഓഗസ്റ്റിനും നവംബറിനുമിടെ ഇന്ത്യ സന്ദര്‍ശിച്ചത്.
Content Highlights: PM Modi undertook 7 foreign trips to 9 countries from Aug-Nov: MEA