ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ഇ-ബോട്ട് സേവനം  വാരണാസിയില്‍ ആരംഭിക്കും. മെയ് ഒന്നിന്  വാരണാസിയില്‍ എത്തുന്ന പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രാജ്യത്തെ  പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ വാരണാസിയിലെ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ബോട്ട് പദ്ധതി ആരംഭിക്കുന്നത്. ഡീസലിന് പകരം ബാറ്ററി ഉപയോഗിച്ചായിരിക്കും ഇ-ബോട്ടുകള്‍ പ്രവര്‍ത്തിക്കുക.

ഉദ്ഘാടന വേളയില്‍ സോളാര്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പതിനൊന്ന് ഇ-ബോട്ടുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടനത്തിന് ശേഷം വാരണാസിയിലെ ബോട്ട് ഉടമകളായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഒരു വര്‍ഷത്തിനുളളില്‍ മൂവായിരത്തോളം ഇ-ബോട്ടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഡീസല്‍ ബോട്ടുകള്‍ കാരണം ദിനംപ്രതി ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന വാരാണാസിയില്‍ വായുമലിനീകരണവും ശബ്ദമലിനീകരണവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.