ന്യൂഡല്‍ഹി: പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മേയ് ഒന്നുമുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി മോദി ഇന്ന് വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും.

ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം അനുമതി നല്‍കിയിട്ടുള്ളതും അനുമതിക്കായി കാത്ത് നില്‍ക്കുന്നതുമായ കമ്പനികളുടെ മേധാവികള്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി വൈകിട്ട് ആറിനാണ് യോഗം. രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുമാരുമായും ആരോഗ്യ വിദഗ്ദ്ധരുമായും തിങ്കളാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് മൂന്നാം ഘട്ടത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായത്.

നിലവില്‍ മൂന്ന് വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ എന്നീ രണ്ടു വാക്‌സിനുകളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. റഷ്യയില്‍ വികസിപ്പിച്ച സ്പുട്‌നിക്-v ആണ് മൂന്നാമതായി അംഗീകാരം നല്‍കിയ വാക്‌സിന്‍. ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് ഇത് ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുക.

ആഗോള തലത്തില്‍ നിലവില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതും ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിക്കാനിടയുള്ളതുമായ വാക്‌സിനുകള്‍ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ്.

Content Highlights: PM Modi to meet vaccine manufacturers today as govt opens Covid jabs for all above 18 years