അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജന്മദിനമായ സെപ്തംബര്‍ 17-ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും.
1961-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ശിലാസ്ഥാപനം നടത്തിയ സര്‍ദാര്‍ സരോവര്‍ ഡാമാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത്.
നര്‍മദ കണ്ട്രോള് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം അടച്ചിട്ട ഡാമിലെ 30 ഗേറ്റുകള്‍ തുറന്നു കൊണ്ടായിരിക്കും പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി അറിയിച്ചു.
ഈ ജന്മദിനത്തില് അദ്ദേഹത്തിന് നല്കാവുന്ന ഏറ്റവും നല്ല സമ്മാനമാണിത്. സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത മേഖലകളില്‍ ഡാമിലെ ജലമെത്തിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി അക്ഷീണം പ്രയത്നിച്ചിരുന്നു.... വിജയ് റുപാണി പറയുന്നു.
സര്‍ദാര്‍ സരോവര്‍ പദ്ധതി ഇത്ര അനന്തമായി വൈകാന്‍ കാരണം കോണ്‍ഗ്രസായിരുന്നുവെന്നും വിജയ് റുപാണി കുറ്റപ്പെടുത്തുന്നു.
ഡാമില്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ഏഴ് വര്‍ഷത്തോളം യുപിഎ സര്‍ക്കാര്‍ തടഞ്ഞു വച്ചു. പിന്നീട് 2014-ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ വെറും 17 ദിവസം കൊണ്ടാണ് ഈ അനുമതി ലഭിച്ചത്.
കഴിഞ്ഞ ജൂണ്‍ 16-നാണ് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ 30 ഗേറ്റുകള്‍ അടയ്ക്കുവാന്‍ നര്‍മദാ കണ്ട്രോള് അതോറിറ്റി നിര്‍ദേശിച്ചത്. അന്ന് തൊട്ട് ജലം പുറത്തു പോവാത്ത രീതിയില്‍ ഡാമിന്റെ ഗേറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്.
ഗേറ്റുകള്‍ അടച്ച ശേഷം ഡാമിലെ ജലനിരപ്പ് 138 മീറ്ററായി ഉയര്‍ന്നു. സംഭരണശേഷി 4.73 മില്ല്യണ്‍ ക്യൂബിക് മീറ്ററായി വര്‍ധിക്കുകയും ചെയ്തു. നേരത്തെയിത് 1.27 മില്ല്യണ്‍ ക്യൂബിക് മീറ്ററായിരുന്നു.
പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതോടെ 18 ലക്ഷം ഹെക്ടര്‍ ഭൂമിയിലേക്ക് നര്‍മദ നദിയില്‍ നിന്നുള്ള ജലമെത്തിക്കാന്‍ സാധിക്കും. ഗുജറാത്തിലെ 9000 ഗ്രാമങ്ങളിലേക്ക് ഡാമില്‍ നിന്നുള്ള ജലം കനാലുകളിലൂടെ ഒഴുകിയെത്തും.
2014-ല്‍ അനുമതി ലഭിച്ച ശേഷവും ഡാമില്‍ നിന്നുള്ള ജലപ്രവാഹം നിയന്ത്രിക്കുന്ന ഗേറ്റുകള്‍ സ്ഥാപിക്കാന്‍ മൂന്ന് വര്‍ഷത്തോളം വേണ്ടി വന്നുവെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന് പറയുന്നു.
450 ടണ്‍ ഭാരം വരുന്ന ഈ ഗേറ്റുകള്‍ പൂര്‍ണമായി തുറക്കാന്‍ ഒരു മണിക്കൂറോളം സമയമെടുക്കും.
1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡാമിന്റെ ആഴം 163 മീറ്ററാണ്. ഇതുവരെയായി 4141 കോടി യൂണിറ്റ് വൈദ്യുതിയാണ് സര്‍ദാര്‍ സരോവര്‍ ഡാമില്‍ നിന്ന് ഉദ്പാദിപ്പിച്ചത്. 8,000 കോടി രൂപ ചിലവുള്ള പദ്ധതിയില്‍ നിന്ന് 16,000 കോടി രൂപയുടെ വൈദ്യുതി ഇതിനോടകം ഉത്പ്പാദിപ്പിച്ചിട്ടുണ്ട്.
പദ്ധതിയില്‍ നിന്നുള്ള 57 ശതമാനം വൈദ്യുതി മഹാരാഷ്ട്രയ്ക്കും, 27 ശതമാനം മധ്യപ്രദേശിനും, 16 ശതമാനം ഗുജറാത്തിനും അവകാശപ്പെട്ടതാണ്.
രാജസ്ഥാനിലെ മരുഭൂമിയോട് ചേര്‍ന്ന ജില്ലകളായ ബാര്മറിയിലേയും ജലോറിയിലേയും 2,46,000 ഏക്കര്‍ ഭൂമിയിലേക്ക് നര്‍മദാ പദ്ധതിയില്‍ നിന്നുള്ള ജലം കനാല്‍ വഴിയെത്തിക്കാന്‍ സാധിക്കും.
മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലേക്കും ജലമെത്തിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഗുജറാത്തിലെ 131 പട്ടണങ്ങളിലേക്കും 9633 ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കാനും പദ്ധതി ഉപകരിക്കും.
നിര്‍മ്മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റിന്റെ അളവ് വച്ചു നോക്കിയാല്‍ സര്‍ദാര്‍ സരോവര്‍ ഡാമാണ് ലോകത്തെ ഏറ്റവും വലിയ ഡാമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അമേരിക്കയിലെ ഗ്രാന്‍ഡ് കോളീ ഡാമാണ് ലോകത്തെ ഏറ്റവും വലിയ ഡാം.
1961-ല്‍ തറക്കല്ലിട്ടെങ്കിലും നിരവധി കാരണങ്ങളാല്‍ സര്‍ദാര്‍ സരോവര്‍ പദ്ധതി നീണ്ടുപോകുകയായിരുന്നു. ഡാം നിര്‍മ്മിക്കുന്നതിനെതിരെ മേധാ പട്ക്കറുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് ഇതിലൊരു കാരണം.
നര്‍മദാ ബച്ചാവോ ആന്തോളന്‍ എന്ന പേരില്‍ സമരസംഘടനയുണ്ടാക്കിയാണ് മേധാ പട്ക്കര്‍ ഡാമിനെതിരെ സമരങ്ങളും നിയമപോരാട്ടവും നടത്തിയത്.
ഡാമിന് വേണ്ടി ഒഴിപ്പിക്കുന്നവരുടെ പുനരധിവാസവും ഡാം നിര്‍മ്മാണം ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സമരസമിതി നല്കിയ ഹര്‍ജിയിന്‍ മേല്‍ 1996-ല്‍ സുപ്രീംകോടതി ഡാം നിര്‍മ്മാണം സ്റ്റേ ചെയ്തു. പിന്നീട് 2000-ത്തിലാണ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ സുപ്രീംകോടതി അനുവാദം നല്‍കിയത്.
ഡാം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായതോടെ ഇനി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തീകരിക്കുന്നതിലാവും സര്‍ക്കാരിന്റെ ശ്രദ്ധ. ഡാമിനെ അഭിമുഖമായി നില്ക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ നിര്‍മ്മാണമാണ് ഇതില്‍ പ്രധാനം.
സ്റ്റാറ്റ് ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമയുടെ നിര്‍മ്മാണത്തിനാവശ്യമായ ഉരുക്ക് രാജ്യത്തെ അഞ്ച് ലക്ഷം കര്‍ഷകരില്‍ നിന്ന് ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. 182 മീറ്റര്‍ ഉയരത്തില്‍ ലോകത്തെ ഏറ്റവും വലിയ പ്രതിമയാണ് ഇവിടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഡാമില്‍ നിന്നുള്ള മൂന്നര കിലോമീറ്റര്‍ അകലെയുള്ള ഒരു നദീദ്വീപില്‍ നിര്‍മ്മിക്കുന്ന പ്രതിമയ്ക്കൊപ്പം കണ്വന്ഷന് സെന്റര്‍,വ്യൂ പോയിന്റെ, ഹോട്ടല്‍, എക്സിബിഷന് സെന്റര്‍, മ്യൂസിയം എന്നിവയും ഒരുക്കുന്നുണ്ട്. പ്രതിമയുടെ 15 വര്‍ഷത്തെ പരിചരണം അടക്കം 3000 കോടിയാണ് പദ്ധതിയുടെ ആകെ ചിലവ്. 2014 ഒക്ടോബര്‍ 31-ന് ആരംഭിച്ച പ്രതിമയുടെ നിര്‍മ്മാണം 2018-ല്‍ പൂര്‍ത്തിയാവും എന്നാണ് കരുതുന്നത്.