ന്യൂഡല്‍ഹി: 13-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച ഓണ്‍ലൈനായിട്ടായിരിക്കും ഉച്ചകോടി. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങള്‍ ഉച്ചകോടിയിലെ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സനാരോ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. 

പ്രധാനമന്ത്രി മോദി ഇത് രണ്ടാം തവണയാണ് ബ്രിക്‌സ് ഉച്ചകോടിയുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. 2016 ഗോവയില്‍ നടന്ന ഉച്ചകോടിയിലാണ് മോദി ആദ്യം അധ്യക്ഷത വഹിച്ചത്. 

ബഹുമുഖ സംവിധാനത്തിന്റെ പരിഷ്‌കരണം, തീവ്രവാദത്തിനെതിരായ പോരാട്ടം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഉപയോഗം, ആളുകളുടെ പരസ്പര കൈമാറ്റം എന്നീ നാല് മേഖലകള്‍ക്കാണ് അധ്യക്ഷ പദവിയിലുള്ള ഇന്ത്യ ഉച്ചകോടിയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

കൂടാതെ കോവിഡ് മഹാമാരിയെ കുറിച്ചുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും മറ്റു ആഗോള പ്രാദേശിക പ്രശ്‌നങ്ങളും നേതാക്കള്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Content Highlights: PM Modi to chair BRICS summit; Afghanistan high on agenda