ന്യൂഡല്‍ഹി: മാലദ്വീപിന്റെ പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞാചടങ്ങ്. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം മോദിയുടെ മാലദ്വീപിലേക്കുള്ള ആദ്യസന്ദര്‍ശനമാണിത്.
അടിസ്ഥാനസൗകര്യം, ആരോഗ്യരംഗം, മനുഷ്യവിഭവശേഷി തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന്റെ വികസനത്തിനായി ഇന്ത്യയുടെ എല്ലാവിധ സഹായവും മാലദ്വീപിന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ജനാധിപത്യത്തിലും നിയമവാഴ്ചയിലും അതിലൂടെ മെച്ചപ്പെട്ട ഭാവിലേക്കും മാലിദ്വീപ് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ജനാധിപത്യത്തില്‍ അടിയുറച്ച സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സുസ്ഥിരമായ ഒരു രാജ്യമായിത്തീരട്ടെയെന്നാണ് മാലദ്വീപിനെ കുറിച്ച് ഇന്ത്യയുടെ ആഗ്രഹമെന്നും മോദി പറഞ്ഞു. മാലദ്വീപിന്റെ പുതിയ രാഷ്ട്രപതിക്ക് എല്ലാ ആശംസകളും ട്വിറ്ററിലൂടെ മോദി അറിയിച്ചു.
മാലദ്വീപിന്റെ മുന്‍ പ്രസിഡന്റ് അബ്ദുള്ള യാമീനുമായി നിലനിന്നിരുന്ന അഭിപ്രായഭിന്നതകള്‍ ദൂരീകരിച്ച് ഇന്ത്യയുമായി ദൃഢമായ ബന്ധം സ്ഥാപിക്കുമെന്ന് സോലിഹ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. മാലിയില്‍ പുതിയ ഭരണം നിലവില്‍ വരുന്നതോടെ ഇന്ത്യയുമായുള്ള ബന്ധം പൂര്‍വാധികം ശക്തമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Content Highlights: Narendra Modi, Maldives, Swearing-in of Maldives President