ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗവേളയില്‍ ഇന്ത്യയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-7 ഉച്ചകോടിയുടെ ആദ്യ വെര്‍ച്വല്‍ ഔട്ട്‌റീച്ച് സെഷനില്‍ പങ്കെടുത്ത് സംസാരിക്കവേ, വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച സഹായത്തിന് നന്ദി അറിയിച്ചതോടൊപ്പം ആഗോള ആരോഗ്യപരിപാലത്തിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു. ആഗോള പുനരുജ്ജീവനത്തിനും ഭാവിയിലുണ്ടായേക്കാവുന്ന മഹാമാരികളില്‍ നിന്നുള്ള സംരക്ഷണത്തിനുമാണ് സമ്മേളനം ഇക്കുറി പ്രാധാന്യം നല്‍കുന്നത്. 

കൂടാതെ 'ഒരേ ലോകം ഒരേ സ്വാസ്ഥ്യം' എന്ന സമീപനത്തിന് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയും മോദി പങ്കു വെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കളും മറ്റ് ഘടകങ്ങളും ആവശ്യത്തിന് ലഭ്യമാകാന്‍ വിതരണശൃംഖലകള്‍ എപ്പോഴും തുറന്നു വെക്കാനുള്ള അപേക്ഷ മറ്റു രാജ്യങ്ങള്‍ സ്വീകരിച്ചതിലും വിപുലമായ പിന്തുണ ലഭിച്ചതിലും പ്രധാനമന്ത്രി നന്ദിയറിയിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. 

രാജ്യത്തിന്റെ ഭരണകൂടം, വ്യാവസായികമേഖല, ജനസമൂഹം എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമുള്ള കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നിന്നതായി മോദി പറഞ്ഞു. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയുടെ വൈദഗ്ധ്യവും അനുഭവജ്ഞാനവും മറ്റ് വികസ്വരരാജ്യങ്ങളുമായി പങ്കുവെക്കാനാഗ്രഹിക്കുന്നതായും മോദി അറിയിച്ചു. കോവിഡ് ബാധിതരുടെ സമ്പര്‍ക്കം കണ്ടെത്താനും വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിനും ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഇന്ത്യ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതായും മോദി എടുത്തു പറഞ്ഞു. 

ഭാവിയില്‍ ഉണ്ടായേക്കാവുന്ന മഹാമാരികളുടെ വ്യാപനം പ്രതിരോധിക്കാന്‍ ആഗോള ഐക്യവും നേതൃത്വവും സഹാനുഭാവവും ആവശ്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങള്‍ക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 

യുകെ, യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-7. ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ യൂണിയന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച മറ്റു രണ്ട് സെഷനുകളില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്ത് സംസാരിക്കും. 

 

 

Content Highlights: PM Modi Thanks G7 Countries For Help During Second Covid Wave