ന്യൂഡല്‍ഹി: അയോധ്യ കേസില്‍ കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും രാജ്യത്ത് മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്നും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.
വിജയത്തിന്റെയും പരാജയത്തിന്റെയും വീക്ഷണ കോണിലൂടെ അയോധ്യ വിധിയെ നോക്കിക്കാണരുതെന്നും മോദി ഓര്‍മിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭ യോഗത്തില്‍ വെച്ചാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. നവംബര്‍ 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുന്‍പായി അയോധ്യ കേസിലെ വിധി വരും.
നേരത്തെ അയോധ്യയിലെ തര്‍ക്കഭൂമിയെക്കുറിച്ച് 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടഞ്ഞത് എങ്ങനെയെന്ന് തന്റെ 'മന്‍ കി ബാത്ത് 'റേഡിയോ പ്രോഗ്രാമില്‍, പ്രധാനമന്ത്രി മോദി അനുസ്മരിച്ചിരുന്നു.
ഒരു ഏകീകൃത ശബ്ദത്തിന് രാജ്യത്തെ എങ്ങനെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു അതെന്നും മോദി അനുസ്മരിച്ചിരുന്നു. നേരത്തെ ബി.ജെ.പിയും വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
കോടതി വിധി വരുന്ന സമയത്ത് അവരവരുടെ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് നില്‍ക്കണമെന്നും ജനപ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിവിധ മുസ്ലിം സാമുദായിക നേതാക്കളും സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
content highlights: PM Modi Tells Ministers Avoid Unnecessary Statements On Ayodhya