ഇന്ത്യ - ഡെൻമാർക്ക് വെർച്വൽ ഉഭയകക്ഷി ഉച്ചകോടി | Photo - ANI
ന്യൂഡല്‍ഹി: ഇന്ത്യ-ഡെന്‍മാര്‍ക്ക് വെര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിക്കിടെ ചൈനക്കെതിരെ പരോക്ഷ വിമര്‍ശമുന്നയിച്ച് പ്രധാനമന്ത്രി മോദി. അസംസ്‌കൃത വസ്തുക്കള്‍ അടക്കമുള്ളവയ്ക്കായി ഒരു സ്രോതസ്സിനെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്ന് കോവിഡ് 19 കാട്ടിത്തന്നുവെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മാറ്റെ ഫ്രെഡറിക്‌സനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി പറഞ്ഞു.
സപ്ലെ ചെയിന്‍ വൈവിധ്യവത്കരിക്കുന്നത് സംബന്ധിച്ച് ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണ്. സമാന മനസ്‌കരായ മറ്റുരാജ്യങ്ങളെയും ഒപ്പംകൂട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സൈനികര്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പേരെടുത്ത് പറയാതെ ചൈനയ്‌ക്കെതിരെ വിമര്‍ശം ഉന്നയിച്ചത്.
ഇന്ത്യ-ഡെന്‍മാര്‍ക്ക് സഹകരണം ശക്തമാക്കാന്‍ ഉഭയകക്ഷി ചര്‍ച്ച വഴിതെളിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (എംഇഎ) ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കാറ്റില്‍നിന്ന് ഊര്‍ജോത്പാദനം നടത്തുന്ന മേഖലയുടെ വളര്‍ച്ചയില്‍ ഡെന്‍മാര്‍ക്കിനും പങ്കാളിത്തമുണ്ട്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള മേഖലകളിലും ഇന്ത്യയും ഡെന്‍മാര്‍ക്കും ഒന്നിച്ചാണ് പോരാട്ടം നടത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളായി ഡാനിഷ് കമ്പനികളായ എല്‍.എം വിന്‍ഡ് അടക്കമുള്ളവ രാജ്യത്ത് നിര്‍മാണ ശാലകള്‍ തുറക്കാനുള്ള നീക്കത്തിലാണ്. ഡാനിഷ് കമ്പനിയായ മേര്‍സ്‌കാണ് രാജ്യത്തെ ഷിപ്പിങ് കണ്ടെയ്‌നറുകളുടെ 19 ശതമാനവും കൈകാര്യംചെയ്യുന്നത്.
ഡാന്‍ഫോസ് എന്ന കമ്പനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള കോള്‍ഡ് സ്‌റ്റോറേജുകള്‍ സ്ഥാപിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ബൗദ്ധിക സ്വത്തവകാശത്തിന്റെ മേഖലയില്‍ സാങ്കേതികവിദ്യ കൈമാറുന്നതിനായി വ്യവസായ മന്ത്രാലയം ഡാനിഷ് പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞുവെന്നും എംഇഎ വ്യക്തമാക്കിയിരുന്നു.
Content Highlights: PM Modi targets China at India - Denmark meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..