ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കോവിഡ്-വാക്‌സിനേഷന്‍ സാഹചര്യങ്ങള്‍ അവലോകനംചെയ്യാന്‍ ശനിയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അടിയന്തര ഓഡിറ്റ് നടത്തണം. വെന്റിലേറ്ററുകള്‍ ശരിയായരീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണം. ഗ്രാമീണമേഖലകളിലെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലും നിരീക്ഷണത്തിലും വിട്ടുവീഴ്ചയരുത്. കണ്‍ടെയ്ന്‍മെന്റ് പ്രഖ്യാപനംപോലുള്ള നടപടികള്‍ തുടരണം. ഇതിനായി ആശ, അങ്കണവാടി പ്രവര്‍ത്തകരെ ശാക്തീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

പരിശോധനകളുടെ എണ്ണം മാര്‍ച്ച് തുടക്കത്തിലുണ്ടായിരുന്ന ആഴ്ചയില്‍ 50 ലക്ഷം എന്നതില്‍നിന്ന് ഇപ്പോള്‍ 1.3 കോടിയായി. സംസ്ഥാനങ്ങള്‍ കോവിഡ് മരണനിരക്ക് കൃത്യമായി പുറത്തുവിടണം. ഉയര്‍ന്ന നിരക്കിന്റെ സമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കണം. -പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍, സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ സംയുക്തമായി പ്രവര്‍ത്തിച്ചതിന്റെ ശ്രമഫലമായി കോവിഡ് ബാധ കുറഞ്ഞുവരുന്നതായി യോഗം വിലയിരുത്തി.

 

Content Highlights:PM Modi takes serious note of ventilators lying unutilised in some states provided by Centre