ന്യൂഡല്‍ഹി: 'ചായ് പേ ചര്‍ച്ച' പ്രചാരണത്തിന്റെ അലയൊലികള്‍ അവസാനിക്കുംമുമ്പ് 'ലഞ്ച് പേ ചര്‍ച്ച'യുമായി സജീവമാകാന്‍ ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. കേന്ദ്രബജറ്റിന്റെ ഗുണവശങ്ങളെക്കുറിച്ച് ഉച്ചഭക്ഷണ ചര്‍ച്ചയിലുടെ ജനങ്ങളെ അറിയിക്കാനാണ് എംപിമാരോട് നിര്‍ദേശിച്ചിട്ടുള്ളത്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് 'ചായ് പേ ചര്‍ച്ചാ' ക്യാമ്പയിന്‍ മോദി അവതരിപ്പിച്ചത്. വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിത്തുടങ്ങുമ്പോള്‍ ഉച്ചഭക്ഷണവേളയും ചര്‍ച്ചയ്ക്കുള്ള അവസരമാക്കി മാറ്റാനാണ് മോദി ലക്ഷ്യമിടുന്നത്. 

കേന്ദ്രബജറ്റ് സമൂഹത്തിലെ മധ്യവര്‍ഗത്തിനും കര്‍ഷകര്‍ക്കും ഗുണങ്ങള്‍ മാത്രം സമ്മാനിക്കുന്നതാണ്. ജനക്കൂട്ടങ്ങള്‍ക്കിടെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുത്തേണ്ടത് അത്യാവശ്യമാണ്. അതാണ് 'ലഞ്ച് പേ ചര്‍ച്ച'യിലൂടെ ലക്ഷ്യമിടുന്നതും. ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ മോദി പറഞ്ഞു. 

രാഹുല്‍ഗാന്ധി ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് യോഗത്തില്‍ അമിത് ഷാ ആരോപിച്ചു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് അദ്ദേഹം ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വഴി കണ്ടെത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് മോദി യോഗത്തില്‍ 'ലഞ്ച് പേ ചര്‍ച്ച' നിര്‍ദേശിച്ചതെന്നാണ് വിവരം. 

സ്വന്തം നിയോജക മണ്ഡലമായ വാരണാസിയില്‍ പാര്‍ട്ടിപ്രവര്‍ത്തകരുമായി ഉച്ചഭക്ഷണം പങ്കിട്ട് നടത്തിയ ചര്‍ച്ചകളെക്കുറിച്ചും മോദി യോഗത്തില്‍ വിവരിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ഇടവേളകളില്‍ സ്വന്തം നിയോജകമണ്ഡലങ്ങളില്‍ ഇത്തരം ഉച്ചഭക്ഷണ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടതായാണ് സൂചന.