കാഞ്ചീപുരം: പ്രതിപക്ഷത്തിന്റെ തന്നോടുള്ള ശത്രുത  പുതിയതലങ്ങളില്‍ എത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരാണ് മോദിയെ കൂടുതല്‍ അപമാനിക്കുകയെന്നാണ് അവര്‍ക്കിടയിലെ മത്സരമെന്നും ചിലര്‍ തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിച്ചത്. 

ചിലര്‍ എന്റെ ദാരിദ്ര്യത്തെ കളിയാക്കുന്നു. മറ്റുചിലര്‍ തന്റെ ജാതിയെയാണ് അധിക്ഷേപിക്കുന്നത്. ഇപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ വധിക്കുന്നതിനെക്കുറിച്ച് വരെ സംസാരിച്ചു. എന്നാല്‍ ഇതൊന്നും എന്നെ അലട്ടുന്നില്ല. കാരണം എന്റെ ജോലികള്‍ ചെയ്യാനാണ് ഞാന്‍ ഇവിടെനില്‍ക്കുന്നത്- പ്രധാനമന്ത്രി വികാരധീനനായി. 

വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച വൈകിട്ട്  കാഞ്ചീപുരത്ത് എത്തിയത്. പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന് എം.ജി.ആറിന്റെ പേര് നല്‍കുമെന്നും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍നിന്നും തിരിച്ചും സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളിലെ അറിയിപ്പുകള്‍ തമിഴ് ഭാഷയിലാക്കുന്നത് പരിഗണിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. 

Content Highlights: pm modi speech in kanheepuram tamil nadu, he says someone abuse me and my family