ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരുമാനത്തില്‍ കഴിഞ്ഞ വർഷം 22 ലക്ഷം രൂപയുടെ വര്‍ധനവ് ഉണ്ടായതെന്ന് കണക്കുകൾ പറയുന്നു. ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇക്കഴിഞ്ഞ മാർച്ചുവരെയുള്ള കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ വരുമാനം ഈ വര്‍ഷം 2.85 കോടിയില്‍ നിന്ന് 3.07 കോടി (3,07,68,885) ആയി ഉയര്‍ന്നു. 

36900 രൂപയാണ് പ്രധാനമന്ത്രിയുടെ കൈവശമുള്ളത്. മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ ബാങ്ക് അക്കൗണ്ടില്‍ 1.5 ലക്ഷം രൂപയുണ്ട്. ഗാന്ധിനഗര്‍ എസ്.ബി.ഐയിലെ അക്കൗണ്ടില്‍ 1.86 കോടി രൂപ സ്ഥിരനിക്ഷേപമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 1.6 കോടി രൂപയായിരുന്നു സ്ഥിരനിക്ഷേപം. ഇതിനു പുറമേ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഇനത്തില്‍ 150950 രൂപയും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്‌സ് ഇനത്തില്‍ നിക്ഷേപമായി 89,32,51 രൂപയുമുണ്ട്. 

1.48 ലക്ഷം രൂപ വില വരുന്ന നാല് സ്വര്‍ണമോതിരം പ്രധാനമന്ത്രിയുടെ പക്കലുണ്ട്. ജംഗമവസ്തുക്കളായി 1.97 കോടി രൂപയുടെ വസ്തുവകകളാണ് പ്രധാനമന്ത്രിക്കുള്ളത്. സ്വന്തമായി വാഹനം ഇല്ലെന്നും കണക്കില്‍ പറയുന്നു. ലോണ്‍ പോലുള്ള ബാധ്യതകളൊന്നും നിലവിലില്ല. പ്രധാനമന്ത്രിയുടെ പേരില്‍ സ്വന്തമായി കൃഷിഭൂമിയോ മറ്റ് ഭൂമികളോ ഇല്ല. എന്നാല്‍ ചതുരശ്ര അടിയുടെ റസിഡന്‍ഷ്യല്‍ കെട്ടിടമുണ്ട്. 1.10 കോടിരൂപയാണ് ഇപ്പോള്‍ അതിന്റെ മതിപ്പ് വില. 

വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് എല്ലാ സാമ്പത്തിക വര്‍ഷവും അവസാനം എല്ലാ കേന്ദ്രമന്ത്രിമാരും സ്വത്തുക്കളും ബാധ്യതകളും സ്വമേധയാ പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് കണക്കുകള്‍ പരസ്യപ്പെടുത്തുന്നത്. വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.