ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തത്തോടെ നമോ ആപ്പിലൂടെ ജനങ്ങളുടെ പ്രതികരണംതേടി പ്രധാനമന്ത്രി നരേന്ദ്രമോദി. നമോ ആപ്പിലെ പ്രത്യേക സര്‍വേയിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങളുടെ പ്രതികരണം തേടുന്നത്. 

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്താനും, ബി.ജെ.പി.യുടെ പ്രാദേശികഘടകങ്ങളെ സംബന്ധിച്ച് വിവരം നല്‍കാനും ആവശ്യപ്പെട്ടുള്ള ഒരുപിടി ചോദ്യങ്ങളാണ് നമോ ആപ്പിലെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ പുതിയ രാഷ്ട്രീയസഖ്യങ്ങളെക്കുറിച്ചും സര്‍വേയില്‍ ചോദ്യങ്ങളുണ്ട്. പുതിയ സഖ്യം നിങ്ങളുടെ മേഖലയില്‍ സ്വാധീനമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ എന്നാണ് പ്രധാനമന്ത്രിയുടെ ചോദ്യം.   

നമോ ആപ്പിലെ പുതിയ സര്‍വേയില്‍ എല്ലാവരും പങ്കെടുക്കണമെന്നും മറ്റുള്ളവരോടും സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ പറയണമെന്നും പ്രധാനമന്ത്രി ഫെയ്‌സ്ബുക്ക്,ട്വിറ്റര്‍ വീഡിയോയിലൂടെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. നമോ ആപ്പ് സര്‍വേയിലൂടെ നിങ്ങളുടെ നേരിട്ടുള്ള പ്രതികരണമാണ് എനിക്കുവേണ്ടത്. നിങ്ങളുടെ പ്രതികരണം പലവിഷയങ്ങളിലും സുപ്രധാന തീരുമാനമെടുക്കാന്‍ സഹായിക്കും- മോദി പറഞ്ഞു. 

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്ന ചോദ്യങ്ങളുമായാണ് സര്‍വേ ആരംഭിക്കുന്നത്. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് നിങ്ങള്‍ എത്ര റേറ്റിങ് നല്‍കുമെന്നതാണ് ആദ്യത്തെ ചോദ്യം. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് എന്തെല്ലാം പ്രശ്‌നങ്ങളാണ് നിങ്ങള്‍ പരിഗണിക്കുകയെന്ന് വിശദീകരിക്കാനും, പ്രദേശത്തെ പ്രശസ്തരായ മൂന്ന് ബി.ജെ.പി. നേതാക്കളുടെ പേര് രേഖപ്പെടുത്താനും സര്‍വേയില്‍ ആവശ്യപ്പെടുന്നു. 

ബി.ജെ.പി.ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോ എന്നും, ബി.ജെ.പിക്ക് വേണ്ടി എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടോ എന്നും സര്‍വേയില്‍ ചോദിക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ സഖ്യത്തെക്കുറിച്ചുള്ള ചോദ്യവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

നമോ ആപ്പ് സര്‍വേയിലൂടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഊര്‍ജിതമാക്കാമെന്നും, ബി.ജെ.പി. സ്ഥാനാര്‍ഥി നിര്‍ണയത്തിനുവരെ ഈ സര്‍വേ സഹായകരമാകുമെന്നുമാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്. ഏറ്റവും കുറഞ്ഞ മാര്‍ക്ക് ലഭിക്കുന്ന ലോക്‌സഭ അംഗങ്ങളെ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും സാധ്യതയില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പരാജയപ്പെട്ടതും, ഉത്തര്‍പ്രദേശില്‍ പുതിയ ബി.എസ്.പി-എസ്.പി സഖ്യ രൂപീകരിക്കുകയും ചെയ്തതോടെ അതിജാഗ്രതയോടെയാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.  

Content Highlights: pm modi seeks feedback on his namo app