പ്രധാനമന്ത്രി മോദി നാഗ്പൂരിൽ | Photo - ANI
നാഗ്പുര്‍: ഗല്‍ഫ് രാജ്യങ്ങളുടെ വികസന മാതൃക ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗള്‍ഫ് രാജ്യങ്ങളും സിംഗപ്പൂരും അടക്കമുള്ളവ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയത് അടിസ്ഥാന സൗകര്യ മേഖലയില്‍ ശ്രദ്ധയോടെ നിക്ഷേപം നടത്തിയതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
രാഷ്ട്രീയത്തില്‍ കുറുക്കുവഴികള്‍ സ്വീകരിക്കുന്നതുകൊണ്ട് ആര്‍ക്കും നേട്ടമുണ്ടാകാന്‍ പോകുന്നില്ല. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണംചെയ്ത് വികസനം ഉറപ്പാക്കുന്നതിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണം അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനമാണ് വികസനത്തിന്റെ അടിസ്ഥാന ഘടകം. ദക്ഷിണ കൊറിയ അടിസ്ഥാന സൗകര്യ വികസനത്തിലൂടെയാണ് വന്‍ മുന്നേറ്റം നടത്തിയത്. കവിഞ്ഞ മൂന്നുനാല് പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യ മേഖലയില്‍ നടത്തിയ ആധുനികവത്കരണമാണ് ഗള്‍ഫ് രാജ്യങ്ങളെ പുരോഗതിയുടെ മുന്‍പന്തിയിലെത്തിച്ചത്.
അടിസ്ഥാന സൗകര്യ വികസനവും ശരിയായ സാമ്പത്തിക നയങ്ങളുമാണ് സിംഗപ്പൂരിന്റെ വികസന കുതിപ്പിനുപിന്നില്‍. സാധാരണ ദ്വീപ് രാഷ്ട്രമായിരുന്ന സിംഗപ്പൂര്‍ ഇന്ന് സാമ്പത്തിക രംഗത്തെ വലിയ ശക്തിയാണ്. കുറുക്കുവഴിയിലൂടെയുള്ള രാഷ്ട്രീയവും നികുതി ദായകരുടെ പണം അപഹരിക്കലുമാണ് നടന്നിരുന്നതെങ്കില്‍ ആ രാജ്യത്തിന് ഇന്നത്തെ നിലയില്‍ എത്താന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ മുമ്പ് ഇന്ത്യയിലെ അവസ്ഥ മറിച്ചായിരുന്നു. അഴിമതി നടത്തുന്നതിനും വോട്ട് ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുമാണ് മുമ്പ് നികുതിദായകരുടെ പണം വിനിയോഗിച്ചിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷംകൊണ്ട് ജനങ്ങളുടെ ചിന്താഗതിയിലും സമീപനത്തിലും മാറ്റംവരുത്താന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. രാജ്യത്തെ ആറാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് (നാഗ്പുര്‍ - ബിലാസ്പുര്‍), നാഗ്പുര്‍ മെട്രോയുടെ ഒന്നും രണ്ടും ഘട്ടങ്ങളും, നാഗ്പുര്‍ - മുംബൈ എക്‌സ്പ്രസ് വേ, നാഗ്പുര്‍ എയിംസ് എന്നിവ അടക്കമുള്ളവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നിര്‍വഹിച്ചത്.
Content Highlights: PM Narendra Modi Nagpur shortcut politics
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..