ന്യൂഡല്‍ഹി: തീവ്രവാദ വിമുക്തമായ ഒരു പ്രദേശമാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘാനിയുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കുടിവെള്ള സൗകര്യം ലഭ്യമാക്കുന്നതിനായി അണക്കെട്ട് പണിയുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ഇന്ത്യയും അഫ്ഗാനിസ്ഥാനും ഈ പ്രദേശം തീവ്രവാദ വിമുക്തമായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി മോദി രാജ്യത്ത് സമഗ്രമായ വെടിനിര്‍ത്തലിന് പിന്തുണ നല്‍കുന്നുണ്ടെന്നും പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ ഐക്യം പ്രധാനമാണെന്നും ഏത് വെല്ലുവിളിയെയും നേരിടാന്‍ ഒരു ഐക്യ അഫ്ഗാനിസ്ഥാന് കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും മോദി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ വികസന പ്രക്രിയയില്‍ ഇന്ത്യയും ഒരു പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദക്ഷിണേഷ്യയുടെ അഭിവൃദ്ധിക്കും സ്ഥിരതയ്ക്കും പരമാധികാരവും ഏകീകൃതവുമായ ഒരു അഫ്ഗാനിസ്ഥാന്‍ അത്യാവശ്യമാണെന്ന് അഷ്റഫ് ഘാനി പറഞ്ഞു. " അഫ്ഗാന്‍ ജനതയുടെ വലിയ ആഗ്രഹമാണ് സമാധാനം. പക്ഷേ, സമാധാനം അക്രമത്തെ അവസാനിപ്പിക്കുന്ന സമാധാനമായിരിക്കണം, മറ്റൊരു ദുരന്ത അധ്യായത്തിന്റെ ആമുഖമായി അത് മാറരുത്.", അഷ്റഫ് ഘാനി കൂട്ടിച്ചേര്‍ത്തു. 

കാബൂളില്‍ അണക്കെട്ട് പണിയുന്നതിനുള്ള ധാരണാപത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും ഒപ്പുവച്ചു.

Content Highlights: PM Modi says India, Afghanistan want terror-free region, ministers seal deal to build dam in Kabul