
ഡോക്ടർമാരുമായി സംവദിക്കുന്ന പ്രധാനമന്ത്രി മോദി |ഫോട്ടോ:ANI
ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാന ആയുധമാണ് വാക്സിനേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം സംബന്ധിച്ചും വാക്സിനേഷന് പുരോഗതിയെ കുറിച്ചുമായി രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊറോണ വൈറസ് മഹാമാരി സമയത്ത് രാജ്യത്തിന് നല്കിയ വിലമതിക്കാനാവാത്ത സേവനത്തിന് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരേയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
'കഴിഞ്ഞ വര്‍ഷം ഇതേ സമയം ഡോക്ടര്‍മാരുടെ കഠിനാധ്വാനവും രാജ്യത്തിന്റെ തന്ത്രവുംമൂലമാണ് കൊറോണ വൈറസ് തരംഗത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞത്. ഇപ്പോള്‍ രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്നു, എല്ലാ ഡോക്ടര്‍മാരും, ആരോഗ്യപ്രവര്‍ത്തകരും മഹാമാരിയെ പൂര്‍വ്വാധികം ശക്തിയോടെ നേരിടുന്നു, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കുന്നു' മോദി പറഞ്ഞു.
അവശ്യ മരുന്നുകളുടെ വിതരണം, കുത്തിവെപ്പുകള്‍, ഓക്സിജന്റെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ എടുത്തിട്ടുണ്ട്. ഇവയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാന ആയുധം വാക്സിനേഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ചികിത്സയും പ്രതിരോധവും സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള അഭ്യൂഹങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കണമെന്ന് പ്രധാനമന്ത്രി ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. ഈ ദുഷ്കരമായ സമയങ്ങളില്‍ ആളുകള്‍ പരിഭ്രാന്തിക്ക് ഇരയാകാതിരിക്കുന്നത് വളരെ പ്രധാനമാണെന്ന് മോദി പറഞ്ഞു. ഇതിനായി ചികിത്സയ്ക്കൊപ്പം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും ഊന്നല്‍ നല്‍കണം. അടിയന്തിര സാഹചര്യങ്ങളില്ലെങ്കില്‍ മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്കായി ടെലി മെഡിസിന് ഉപയോഗിക്കാന്‍ പ്രധാനമന്ത്രി മോദി ഡോക്ടര്‍മാരെ പ്രോത്സാഹിപ്പിച്ചു.
യോഗത്തില്‍ ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ദ്ധന് അടക്കമുള്ളവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും മെയ് ഒന്നുമുതല്‍ കോവിഡ് വാക്സിന് നല്‍കുന്നതിന് ഈ യോഗത്തിലാണ് തീരുമാനമായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..