പധാനമന്ത്രി നരേന്ദ്രമോദി | Photo: ANI
കൊല്‍ക്കത്ത: രവീന്ദ്രനാഥ ടാഗോറിന്റെ ഗുജറാത്ത് ബന്ധം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുദേവിനെക്കുറിച്ച് പറയുമ്പോള്‍, അദ്ദേഹത്തിന്റെ ഗുജറാത്ത് സന്ദര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവിടെ പോസ്റ്റിങ് ലഭിച്ച ജ്യേഷ്ഠനെ അദ്ദേഹം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഗുജറാത്തിലായിരിക്കെ അദ്ദേഹം തന്റെ പ്രശസ്തമായ രണ്ട് കവിതകള്‍ എഴുതിയെന്നും മോദി പറഞ്ഞു. എന്നാല്‍ ഇതിനോട് രൂക്ഷമായി പ്രതികരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് വസ്തുതാപരമായ പിശകെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
രവീന്ദ്രനാഥ ടാഗോറിന്റെ ദര്‍ശനം 'ആത്മനിര്‍ഭര്‍ ഭാരത്' അഥവാ സ്വാശ്രയ ഇന്ത്യ എന്നതിന്റെ സത്തയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ടാഗോറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ സ്വാതന്ത്ര്യകാലത്ത് ഇന്ത്യന്‍ ദേശീയ വികാരത്തെ സര്‍വ്വകലാശാല ഉള്‍ക്കൊണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ വിശ്വഭാരതി സര്‍വകലാശാലയുടെ ശതാബ്ദിയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ ദേശീയ വികാരത്തിന്റെ ശക്തമായ ചിത്രം ഗുരുദേവ് നയിച്ച വിശ്വഭാരതി പരിചയപ്പെടുത്തി. ഇന്ത്യയുടെ ആത്മീയ ഉണര്‍വ് മുഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനപ്പെടണമെന്ന് ഗുരുദേവ് ആഗ്രഹിച്ചു. ഈ വികാരത്തിന്റെ ഉല്‍പ്പന്നമാണ് 'ആത്മനിര്‍ഭര്‍ ഭാരത്' ദര്‍ശനമെന്ന് വിശ്വഭാരതി സര്‍വകലാശാലയെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
"ടാഗോറിന്റെ മൂത്ത സഹോദരനാണ് ഗുജറാത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞത് തെറ്റാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് പ്രധാനമന്ത്രി പറഞ്ഞതുപോലെ ജ്ഞാനന്ദിനി എന്നല്ല. ജ്ഞാനതാനന്ദിനി എന്നാണ്. അവര്‍ ഇടത്തെ തോളിലേക്ക് സാരിത്തുമ്പ് ധരിച്ചത് ഗുജറാത്തി സ്ത്രീകള്‍ ധരിച്ചതു കൊണ്ടു മാത്രമല്ല, മറിച്ച് അവിടെ കണ്ടുമുട്ടിയ പാഴ്സി സ്ത്രീയില്‍നിന്നാണ്. എന്നാല്‍, പാഴ്സി എന്ന വാക്കുപോലും പ്രധാനമന്ത്രി ഉച്ചരിച്ചില്ല." മന്ത്രിസഭാംഗമായ ബൃത്യ ദാസ് പറഞ്ഞു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പാരമ്പര്യവും വിശിഷ്ഠ വ്യക്തികളേയും ഉയര്‍ത്തിക്കാട്ടി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും പ്രചാരണം തുടരുന്നതിനിടയിലാണ് ടാഗോറിനെ പുകഴ്ത്തി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Content Highlights: PM Modi's Tagore Comments At Visva-Bharati Draw Sharp Trinamool Reaction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..