ന്യൂഡല്‍ഹി: കോവിഡ് സ്ഥിതിഗതികള്‍ അലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അസരമില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 21 മുഖ്യമന്ത്രിമാരുമായി ഇന്നും 15 മുഖ്യമന്ത്രിമാരുമായി നാളെയും പ്രധാനമന്ത്രി ചര്‍ച്ചനടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രോഗവ്യാപനം കുറവുള്ള സംസ്ഥാനങ്ങളെ ഇന്നും കൂടുതലുള്ള സംസ്ഥാങ്ങളെ നാളെയും എന്ന രീതിയിലാണ് തരംതിരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

പഞ്ചാബ്, ത്രിപുര, ഗോവ, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് തുടങ്ങിയവയ്ക്കാണ് ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിക്കുനുള്ള അവസരം. മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, കര്‍ണാടക എന്നിവയ്ക്ക് നാളെയും അവസരം നല്‍കും.

അതേസമയം, എല്ലാ സംസ്ഥാനങ്ങള്‍ക്കും അവസരം നല്‍കാത്തതിനെതിരെ സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: PM Modi's meeting with CMs- Kerala has no opportunity to speak