ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫിറ്റ്‌നസ് ചാലഞ്ച് വീഡിയോ ശുദ്ധ പരിഹാസ്യവും വിചിത്രവുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. താന്‍ നടത്തിയ ഇഫ്താര്‍ സല്‍ക്കാരത്തിന് ഇടയിലായിരുന്നു രാഹുലിന്റെ പരിഹാസം. മുന്‍ രാഷ്ട്രപതിമാരായ പ്രതിഭ പാട്ടീല്‍, പ്രണബ് മുഖര്‍ജി തുടങ്ങിയ പ്രമുഖരോട് ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഹുലിന്റെ പ്രസ്താവന. 

'നിങ്ങള്‍ പ്രധാന മന്ത്രിയുടെ ഫിറ്റ്‌നസ് വീഡിയോ കണ്ടോ.. വെറും വിഡ്ഢിത്തമാണത്.. പാപ്പരത്തം...' രാഹുല്‍ പറഞ്ഞു. മോഡിയെ ചലഞ്ച് ചെയ്ത് ഒരു ഫിറ്റ്‌നസ് വീഡിയോ പോസ്റ്റ് ചെയ്യാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ഉപദേശിക്കാനും രാഹുല്‍ മറന്നില്ല. ത്രിണമൂല്‍ നേതാവ് ദിനേഷ് ത്രിവേദിയും ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്രയും, ഡി.എം.കെ നേതാവ് കനിമൊഴിയും അപ്പോള്‍ രാഹുലിന്റെ സമീപത്ത് ഉണ്ടായിരുന്നു. 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പരിപാടിയില്‍ പങ്കെടുത്തെങ്കിലും വിദേശത്ത് ആയതിനാല്‍ സോണിയ ഗാന്ധി എത്തിയില്ല.