ന്യൂഡല്‍ഹി:  ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് ആവേശകരമായ അവസാനമുണ്ടായപ്പോള്‍ ബി.ജെ.പിയെ കൈവിടരുതെന്ന് ജനങ്ങളോട് മോദിയുടെ വികാര നിര്‍ഭരമായ അപേക്ഷ. ഗുജറാത്ത് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒരുമിച്ചാണ് ഇതുവരെ ജനങ്ങള്‍ക്കൊപ്പം നിന്നത്. ഒന്നും ഒന്നും രണ്ടല്ല പതിനൊന്നാണെന്ന് നമ്മള്‍ തെളിയിക്കും. ഗുജറാത്തിനെ പുതിയ ഉയരത്തിലെത്തിക്കാന്‍ ബി.ജെ.പിയെ കൈവിടരുതെന്ന് അഭ്യര്‍ഥിക്കുകയാണെന്നും അവസാന ഘട്ട പ്രചാരണത്തിനിടെ മോദി ജനങ്ങളോട് പറഞ്ഞു.

ഗുജറാത്ത് സന്ദര്‍ശത്തിനിടെ തനിക്ക് ജനങ്ങളില്‍ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ജനങ്ങളുടെ സ്‌നേഹവും അനുഗ്രഹവും ആവോളം അനുഭവിച്ചു. തന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഇതുവരെ ലഭിക്കാത്ത അനുഗ്രഹവും ആത്മവിശ്വാസവുമാണ് തനിക്ക് ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ലഭിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി.

രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഒന്നിച്ചിറങ്ങണം. ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷം നല്‍കാന്‍ മാത്രമല്ല താന്‍ പറയുന്നത്. ഓരോ പോളിംഗ് ബൂത്തിലും ബി.ജെ.പിയാണ് ജയിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും മോദി വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. തനിക്കെതിരെയും ഗുജറാത്തിനെതിരേയും പ്രതിപക്ഷം സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കള്ളമാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഇതിനെല്ലാം ജനങ്ങള്‍ വോട്ടിലൂടെ മറുപടികൊടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.