ന്യൂഡല്‍ഹി:  ഗതാഗത കുരുക്കില്‍ നിന്നും തലസ്ഥാനത്തെ മോചിപ്പിക്കാന്‍ ഡല്‍ഹിയില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ ഹൈവേ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപിയുടെ രണ്ട് ദിവസത്തെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡല്‍ഹിയിലെ കനത്ത ഗതാഗത കുരുക്കിനും വര്‍ധിച്ചു വരുന്ന മലിനീകരണവും തടയാന്‍ പുതിയ പദ്ധതികളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പശ്ചാത്തല സൗകര്യ വികസനത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 40,000 കോടി രൂപയാണ് തലസ്ഥാനത്ത് മോദി സര്‍ക്കാര്‍ ചിലവഴിച്ചത്. 6000 കോടി രൂപ ചിലവില്‍ പൂര്‍ത്തിയാക്കുന്ന എന്‍എച്ച്24 പാത വികസനം ഗാസിപൂരിലൂടെ കടന്നു പോകുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഗാസിപൂരില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത തടഞ്ഞ് പ്രദേശവാസികള്‍ക്ക് ഇത് ആശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസിപൂരിലെ മാലിന്യമല ഇടിഞ്ഞു വീണ് രണ്ട് പേര്‍ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. 

പുതിയ ദേശീയ പാതാ പദ്ധതിക്ക് പുറമേ നിലവിലെ പാതകളുടെ വികസനത്തിന് കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ടെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.