ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മാണ ഫാര്‍മ പ്ലാന്റുകള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.
വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിനടുത്തുളള പ്രധാന ഫാര്‍മകളിലൊന്നായ സൈഡസ് കാഡിലയുടെ പ്ലാന്റ് സന്ദര്‍ശിക്കുമെന്ന് ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു.
അഹമ്മദാബാദ് നഗരത്തിന് സമീപമായുളള ചാങ്കോദര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സികോവ്-ഡിയുടെ ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായെന്നും ഓഗസ്റ്റില്‍ രണ്ടാംഘട്ട ട്രയലുകള്‍ ആരംഭിച്ചതായും സൈഡസ് കാഡില അധികൃതര്‍ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി ശനിയാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ടെന്നും അതിനിടയില്‍ വാക്‌സിന്‍ വികസിപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി സൈഡസ് കാഡിലയില്‍ സന്ദര്‍ശനം നടത്തുമെന്നുമാണ് നിതിന്‍ പട്ടേല്‍ വെളളിയാഴ്ച അറിയിച്ചത്. പ്രധാനമന്ത്രി രാവിലെ ഒമ്പതരയോടെ ഇവിടെ സന്ദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഹമ്മദാബാദിലെ വാക്‌സിന്‍ പ്ലാന്റ് സന്ദര്‍ശനത്തിന് ശേഷം പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്. വൈകീട്ട് 4നും 5നും ഇടയില്‍ പ്രധാനമന്ത്രി ഭാരത് ബയോടെക്കിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സൈബെറാബാദ് പോലീസ് കമ്മിഷണര്‍ വി.സി.സജ്ജനാര്‍ പറഞ്ഞു.
Content Highlights:PM Modi's 3 city visit to personally review the vaccine development & manufacturing process