ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2014 മാന്ത്രിക തീവണ്ടി പോകുന്നത് വന്‍ ദുരന്തത്തിലേക്കാണെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയെ രാഹുല്‍ പരിഹസിച്ചത്. 2014 ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യ ഒരു ഇഴയുന്ന പാസഞ്ചര്‍ തീവണ്ടിയാണെന്ന് മോദി പരിഹസിച്ചിരുന്നു. ഇതിനെ അച്ഛാ ദിന്‍ലേക്ക് കുതിക്കുന്ന മാന്ത്രിക തീവണ്ടിയാക്കി മാറ്റുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. 'എന്നാല്‍ ആ മാന്ത്രിക തീവണ്ടി അതിന്റെ കഴിവില്ലാത്ത, ഏകാധിപതിയായ, അഹങ്കാരിയായ ഡ്രൈവര്‍ കാരണം ഇപ്പോള്‍ കുതിക്കുന്നത് വന്‍ ദുരന്തത്തിലേക്കാണ്' -രാഹുല്‍ വ്യക്തമാക്കി. 

മോദി ഭരണത്തില്‍ അഴിമതിയും സാമ്പത്തിക പരാജയവും അരാജകത്വവും അതിന്റെ ഉന്നതിയില്‍ എത്തിയിരിക്കയാണ്. ബദലുകള്‍ സൃഷ്ടിക്കാന്‍ കഴിയുക കോണ്‍ഗ്രസിന് മാത്രമാണ്. ഭരണത്തിനെതിരായ വികാരം ജനങ്ങളില്‍ ശക്തമാണ്. മോദിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ജന പ്രതിനിധികള്‍ കഠിനാധ്വാനം ചെയ്യണം. ജനങ്ങള്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസിലേക്കും സഖ്യ കക്ഷികളിലേക്കും ഉറ്റുനോക്കുകയാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ദാരിദ്ര്യവും, അസമത്വവും, തൊഴിലില്ലായ്മയും ഇല്ലാതാക്കാനും നമുക്ക് കഴിയണം.

ജനാധിപത്യ, സാമൂഹ്യനിതി ശക്തികളും ഏകാധിപത്യ, സാമൂഹ്യവിരുദ്ധ ശക്തികളും തമ്മിലുള്ള ഈ ചരിത്ര യുദ്ധത്തില്‍ വിജയിക്കുക എന്നതാണ് നമ്മളില്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്വം. വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും ഹിംസയുടെയും ശക്തികള്‍ ഭരണഘടനയെ ചവിട്ടിമെതിക്കുകയാണ്. അവരെ അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് നാം ഉറപ്പുവരുത്തണം. ജനാധിപത്യത്തിന്റെ ഓരോ ക്ഷേത്രങ്ങളും തകര്‍ക്കുന്ന തിരക്കിലാണ് ആര്‍.എസ്.എസ് എന്നും രാഹുല്‍ കുറ്റപ്പെടുത്തി.  

content highlights: PM Modi's 2014 "Magical Train Headed For Bad Accident", Says Rahul Gandhi