Narendra Modi | Photo: PTI
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രോഗവ്യാപനത്തിന് പുറമേ കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം, മുന്‍കരുതല്‍ ഡോസ് വിതരണം എന്നിവയും യോഗം വിലയിരുത്തി.
കഴിഞ്ഞ ഡിസംബര്‍ 24നാണ് ഒടുവില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നത്. കോവിഡിനെതിരേയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും രോഗബാധ തടയാന്‍ ജാഗരൂകരായിരിക്കണമെന്നും യോഗത്തില്‍ മോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിന് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണും അതിവേഗത്തില്‍ വ്യാപിക്കുകയാണ്. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 3600 കടന്നു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും തിങ്കളാഴ്ച മുതല്‍ കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങും. ഇതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വാക്‌സിന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കരുതല്‍ ഡോസ് സ്വീകരിക്കാം.
content highlights: PM Modi reviews Covid-19 situation amid surge of infections
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..