ന്യൂഡല്‍ഹി: തമിഴ് ഭാഷ പഠിക്കാനായില്ല എന്നത് തന്റെ ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ എക്കാലവും നിലനില്‍ക്കുന്ന ദുഃഖമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴെന്നും തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ മോദി പറഞ്ഞു. ഏപ്രില്‍ ആറിന് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

'ലോകത്തിലെ ഏറ്റവും പഴയ ഭാഷയായ തമിഴ് പഠിക്കാനായില്ല എന്നതാണ് ഏറ്റവും വലിയ ദുഃഖം. ലോകമെമ്പാടും ജനപ്രിയമായ മനോഹര ഭാഷയാണ് തമിഴ്. തമിഴ് സാഹിത്യത്തിന്റെ മഹത്വത്തെക്കുറിച്ചും തമിഴ് കവിതയുടെ ആഴത്തെക്കുറിച്ചും നിരവധി പേര്‍ എന്നോട് പറഞ്ഞിട്ടുണ്ട്', പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ദീര്‍ഘകാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ എന്തെങ്കിലും നേടാനാകാത്തതായി അനുഭവപ്പെട്ടിട്ടുണ്ടോ എന്ന ഒരു ശ്രോതാവിന്റെ ചോദ്യത്തിന് ഉത്തരമായാണ് പ്രധാനമന്ത്രി തമിഴ് ഭാഷയെക്കുറിച്ച് പറഞ്ഞത്. 

മുന്‍പ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മോദി തമിഴ് വാക്കുകള്‍ ഉപയോഗിക്കുകയും തമിഴ് കവിതാശകലങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു. 2018ലും തനിക്ക് തമിഴ് പഠിക്കാനാകാത്തതിലുള്ള ദുഃഖം മോദി പ്രസംഗത്തിനിടയില്‍ പങ്കുവെച്ചിരുന്നു. 2019ല്‍ ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തില്‍ സംഘകാല കവിയായ കനിയന്‍ പൂങ്കുണ്ട്രനാറുടെ കവിതയില്‍നിന്നുള്ള ഭാഗം അദ്ദേഹം ഉദ്ധരിച്ചിരുന്നു.

Content Highlights: PM Modi Regrets Not Learning Tamil, The World's Oldest Language