അഹമ്മദാബാദ്: ഇന്ത്യയില്‍ എല്ലാ മേഖലകളിലും കോവിഡ് വാക്‌സിന്‍ വിതരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ വാക്‌സിന്‍ ശീതീകരണ സംഭരണശാല സ്ഥാപിക്കാമെന്ന ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റലിന്റെ വാഗ്ദാനം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
നവംബര്‍ 19ന് നടന്ന ഇന്ത്യ-ലക്‌സംബര്‍ഗ് ആദ്യ ഉച്ചകോടിയിലാണ് ഈ പദ്ധതിയുടെ നിര്‍ദേശം ബെറ്റല്‍ മുന്നോട്ടുവെച്ചത്. ഇന്ത്യയുടെ വിദൂരമേഖലകളില്‍ വാക്‌സിന്‍ എത്തിക്കുക എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ലക്‌സംബര്‍ഗ് പ്രധാനമന്ത്രി മുന്നോട്ടുവെച്ച വാഗ്ദാനത്തെ പ്രധാനമന്ത്രി മോദി സ്വീകരിക്കുകയായിരുന്നു. ബി മെഡിക്കല്‍ സിസ്റ്റം എന്ന ലക്‌സംബര്‍ഗ് കമ്പനിയാവും പ്ലാന്റ് സ്ഥാപിക്കുക.
സോളാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ റഫ്രിജറേറ്ററുകള്‍, ഫ്രീസറുകള്‍, ട്രാന്‍സ്‌പോര്‍ട്ട് ബോക്‌സുകള്‍ തുടങ്ങിയ കോള്‍ഡ് ചെയിന്‍ വാക്‌സിന്‍ സംഭരണസംവിധാനം സജ്ജീകരിക്കുന്ന പദ്ധതിയുടെ അവലോകനത്തിനായി ബി മെഡിക്കല്‍ സിസ്റ്റത്തില്‍ നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ചയോടെ ഇന്ത്യയിലെത്തുമെന്നാണ് വിവരം.
പൂര്‍ണ സജ്ജമായ പ്ലാന്റ് സ്ഥാപിക്കാന്‍ രണ്ട് വര്‍ഷത്തോളം സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. അടിയന്തര ആവശ്യമെന്ന നിലയ്ക്ക് ആദ്യഘട്ടത്തില്‍ റഫ്രിജറേഷന്‍ ബോക്‌സുകളാവും സ്ഥാപിക്കുക. മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ ഭാരത് ആശയത്തെ അടിസ്ഥാനമാക്കി ആഭ്യന്തര ഉത്പന്നങ്ങള്‍ ഉപയോഗപ്പെടുത്തിയാവും സംഭരണസംവിധാനങ്ങള്‍ സജ്ജീകരിക്കുക. നാല് മുതല്‍ 20 ഡിഗ്രി വരെ താപനിലയില്‍ സൂക്ഷിക്കേണ്ട വാക്‌സിന്‍ ഈ ബോക്‌സുകളില്‍ സൂക്ഷിച്ച് ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കും എത്തിക്കാനാവും.
സൗരോര്‍ജം, മണ്ണെണ്ണ, ഗ്യാസ് എന്നിവയുടെ സഹായത്തോടെയാവും ഈ ബോക്‌സുകള്‍ പ്രവര്‍ത്തനസജ്ജമാവുക. 2021 മാര്‍ച്ച് മാസത്തോടെ ഇത്തരം ബോക്‌സുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് വിതരണം ചെയ്യാനാവുമെന്നാണ് കരുതുന്നത്. ഗുജറാത്തിലെ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയായാല്‍ ആഭ്യന്തര ആവശ്യത്തിന് മാത്രമല്ല, അന്താരാഷ്ട്ര വിപണിയിലേക്ക് ഇവ കയറ്റുമതി ചെയ്യാനും സാധിക്കും.
ലക്‌സംബര്‍ഗിലെ മെഡിക്കല്‍ ഉപകരണ നിര്‍മാണ രംഗത്തെ പ്രമുഖരാണ് ബി മെഡിക്കല്‍ സിസ്റ്റം. 1979ലാണ് കമ്പനി സ്ഥാപിതമായത്. ബ്ലഡ് ബാങ്ക്, പ്ലാസ്മ സ്റ്റോറേജ് റഫ്രിജറേറ്ററുകള്‍ എന്നിവയുടെ നിര്‍മാണവും അന്താരാഷ്ട്ര വിപണനവും കമ്പനിക്കുണ്ട്.
Content Highlights: PM Modi pushes refrigerated vaccine transport boxes tie up with Luxembourg company in Gujarat