പുതുച്ചേരി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലു പതിറ്റാണ്ടുകാലം രാജ്യം ഭരിച്ചത് ഒരു കുടുംബമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കുടുംബവാഴ്ചയില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസ് ഭരണവും വികസനത്തില്‍ അധിഷ്ഠിതമായ എന്‍ഡിഎ ഭരണവും തമ്മില്‍ താരതമ്യം ചെയ്തുനോക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

പ്രത്യക്ഷമായോ പരോക്ഷമായോ 48 വര്‍ഷം രാജ്യത്തെ ഭരണം നടത്തിയത് ഒരു കുടുംബം ആയിരുന്നുവെന്ന് പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ നരേന്ദ്രമോദി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സര്‍ക്കാരുകളെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എന്‍.ഡി.എ സര്‍ക്കാര്‍ മെയ് മാസത്തില്‍ 48 മാസം പൂര്‍ത്തിയാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരുകളും ബി.ജെ.പി നേതൃത്വം നല്‍കിയ എന്‍.ഡി.എ സര്‍ക്കാരും കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തെ ബുദ്ധിജീവികള്‍ താരതമ്യം ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്നേറാന്‍ കഴിയാത്തതിനു കാരണം ഇവിടുത്തെ കോണ്‍ഗ്രസ് ഭരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വിജയം നേടും. പുതുച്ചേരിയിലെ വി നാരായണസ്വാമി സര്‍ക്കാര്‍ ഓര്‍മയാകും. പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ മേഖലകളിലും പരാജയമാണ്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പരിതാപകരമാണ്. ഗതാഗത സൗകര്യങ്ങള്‍ അടക്കമുള്ളവയുടെ സ്ഥിതി ദയനീയമാണെന്നും നരേന്ദ്രമോദി ആരോപിച്ചു.