man ki bathന്യൂഡല്‍ഹി: മന്‍കീബാതിന്റെ പതിനാലാം എപ്പിസോഡില്‍ തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തിലുണ്ടായ മരണങ്ങളില്‍ അനുശോചിച്ചും, അവയവദാനത്തിന് തയ്യാറാവാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടും  പ്രധാനമന്ത്രി നരേന്ദ്രമോദി.

ആഘോഷവേളയില്‍ തമിഴ്‌നാട്ടിലുണ്ടായ വെള്ളപ്പൊക്കവും മരണവും ദുഖകരമാണെന്നും എന്നാല്‍ ഇതെല്ലാം മറികടക്കാനുള്ള ശക്തി തമിഴ്‌നാടിനുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും  റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കീബാതിലൂടെ മോദി പറഞ്ഞു.

ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം ആഗോളതാപനമടക്കമുള്ള പ്രശ്‌നങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ജനങ്ങള്‍ എല്ലായ്‌പ്പോഴും ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കണമെന്നും, സാര്‍ക്ക് രാജ്യങ്ങള്‍ക്കായി ഒരു ദുരന്തനിവാരണ പദ്ധതിയെപ്പറ്റി താന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി  ചര്‍ച്ച ചെയ്തിരുന്നുവെന്നും അദേഹം പറഞ്ഞു.

അന്താരാഷ്ട്ര അവയവദാന ദിനമായ നവംബര്‍ 27-ന് രാജ്യത്ത് പ്രമുഖ വ്യക്തികളടക്കം നിരവധി പേര്‍ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചതിനെ അഭിനദിച്ച മോദി അവയവദാനം മഹത്തായ സേവനവും ത്യാഗവുമാണെന്നും അഭിപ്രായപ്പെട്ടു. അവയവദാനത്തിനുള്ള ദേശീയ ഡയറക്ടറി ഒക്ടോബര്‍ 27 മുതല്‍ പ്രവര്‍ത്തനസജ്ജമാണെന്ന് അദേഹം അറിയിച്ചു. ആഗോളതാപനത്തെ തടയുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്ത്വമാണെന്ന് കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് പാരീസിലേക്ക് തിരിക്കുന്ന മോദി പറഞ്ഞു.